രാഹുലിന്റെ വടക്ക്-തെക്ക് പരാമർശത്തെ വിമർശിച്ച് മോദി
Friday, February 26, 2021 12:56 AM IST
പുതുച്ചേരി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ വടക്ക്-തെക്ക് പരാമർശത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊളോണിയൽ ഭരണകാലത്തെപ്പോലെ രാജ്യത്തെ ജനങ്ങളെ വിഭജിച്ച് നുണ പറഞ്ഞു ഭരിക്കുന്നതാണു കോൺഗ്രസ് നയമെന്നു മോദി കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസം കേരളത്തിലെത്തിയ രാഹുൽ, ഇവിടത്തെ രാഷ്ട്രീയം ഉത്തരേന്ത്യയിലേപ്പോലെയല്ലെന്നും പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ താത്പര്യമുള്ള ജനതയാണ് ഇവിടുള്ളതെന്നും പറഞ്ഞിരുന്നു. ഇതിനെതിരെയാണു ബിജെപി നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്
അധികാരത്തിലെത്തിയാൽ ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കുമെന്ന രാഹുലിന്റെ പരാമർശം തന്നെ ഞെട്ടിച്ചെന്നു മോദി പറഞ്ഞു.
2019മുതൽ ഫിഷറീസ് മന്ത്രാലയമുണ്ട്. ബജറ്റിൽ തുകയും വകയിരുത്തിയിരുന്നു. നുണപറയുന്നതിൽ സ്വർണം, വെള്ളി, വെങ്കല ജേതാക്കളാണിവർ. ചില കോൺഗ്രസ് നേതാക്കളുടെ ഇച്ഛയ്ക്കനുസരിച്ചു പ്രവർത്തിച്ചുവന്ന ഹൈക്കമാൻഡ് സർക്കാരായിരുന്നു പുതുച്ചേരിയിലുണ്ടായിരുന്നതെന്നും മോദി പരിഹസിച്ചു. വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ പുതുച്ചേരിയിൽ കോൺഗ്രസിനു ഭരണം നഷ്ടപ്പെട്ടിരുന്നു.