പ്ലസ് വൺ പരീക്ഷ നടത്താം
Saturday, September 18, 2021 1:21 AM IST
ന്യൂഡൽഹി: കേരളത്തിൽ പ്ലസ് വണ്‍ പരീക്ഷ നടത്താൻ അനുമതി നൽകി സുപ്രീംകോടതി. പരീക്ഷ നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരേ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
പരീക്ഷ നടത്താൻ തീരുമാനിച്ച കാരണങ്ങൾ വിശദീകരിച്ചു സംസ്ഥാന സർക്കാർ നൽകിയ ഹർജി എല്ലാ സന്ദേഹങ്ങളും നീക്കുന്നതാണെന്നും ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. അധികൃതർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നാണു കരുതുന്നതെന്നും കോടതി കൂട്ടിച്ചേർത്തു.
പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ഉത്തരവ് പിൻവലിക്കുകയാണെന്നും കോടതി അറിയിച്ചു. സെപ്റ്റംബർ മൂന്നാം വാരത്തോടെ കോവിഡ് മൂന്നാം തരംഗവ്യാപനം ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ സ്റ്റേ ചെയ്യാൻ ഇടക്കാല ഉത്തരവിട്ടതെന്നും ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ വിശദീകരിച്ചു.
ഒരു ലക്ഷത്തോളം വിദ്യാർഥികൾ പങ്കെടുത്ത എ.പി.ജെ. അബ്ദുൾ കലാം സർവകലാശാലയിലെ പരീക്ഷ ഓഗസ്റ്റിൽ നടന്നിരുന്നു. ലക്ഷണക്കണക്കിനു കുട്ടികളാണ് കഴിഞ്ഞയാഴ്ച നീറ്റ് പരീക്ഷ എഴുതിയത്.
സെപ്റ്റംബർ ആറിനു നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബർ മൂന്നിനു സുപ്രീംകോടതി സ്റ്റേ ചെയ്തതിനെത്തുടർന്ന് പരീക്ഷ നടത്താനുള്ള തയാറെടുപ്പുകൾ വിശദീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറി സത്യവാങ്മൂലം നൽകുകയായിരുന്നു.
ഓണ്‍ലൈനായി പരീക്ഷ നടത്തിയാൽ സാന്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലുള്ള കുട്ടികൾക്ക് പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതെവരുമെന്നാണ് പ്രധാനമായും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്.