കയറ്റുമതി നിരോധനത്തിനു പിന്നാലെ ഗോതന്പിന് റിക്കാർഡ് വിലവർധന
സ്വന്തം ലേഖകൻ
Tuesday, May 17, 2022 1:46 AM IST
ന്യൂഡൽഹി: ഗോതന്പ് കയറ്റുമതി നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനു തൊട്ടുപിന്നാലെ ഗോതന്പിന് റിക്കാർഡ് വിലക്കയറ്റം. അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു ടണ്‍ ഗോതന്പിന്റെ വില 453 ഡോളറായി ഉയർന്നു.
രാസവള ദൗർലഭ്യം, മോശം വിളവെടുപ്പ്, റഷ്യ-യുക്രെയ്ൻ സംഘർഷം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ കാരണങ്ങൾ ഗോതന്പിന്റെ വിലക്കയറ്റം വർധിപ്പിച്ച സാഹചര്യത്തിൽ ഇന്ത്യ ഗോതന്പ് കയറ്റുമതി നിരോധിച്ചതും പെട്ടെന്നുള്ള വില വർധനയ്ക്കു കാരണമായി.
ആഗോളവിപണിയിൽ ഗോതന്പു കയറ്റുമതിയുടെ 12 ശതമാനവും വഹിച്ചിരുന്ന യുക്രെയ്നിൽനിന്നുള്ള കയറ്റുമതി നിലച്ചത് അന്താരാഷ്ട്ര വിപണിയിൽ ഗോതന്പിന്റെ വിലയിൽ വലിയ മാറ്റമുണ്ടാക്കിയിരുന്നു. ഗോതന്പ് കയറ്റുമതി നിരോധിച്ചുകൊണ്ടുള്ള ഇന്ത്യയുടെ നീക്കത്തെ ജി-7 രാജ്യങ്ങൾ വിമർശിച്ചിരുന്നു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ ഭക്ഷ്യക്ഷാമം നേരിടുന്നതിന് ബഫർ സ്റ്റോക്കുകൾ കൈവശമുണ്ടെന്നുള്ള ഇന്ത്യയുടെ പ്രഖ്യാപനത്തിന് കടകവിരുദ്ധമാണു നടപടിയെന്നാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ വിമർശനം.