ഭൂപതിവുചട്ട ഭേദഗതി ഈ സമ്മേളനത്തിൽതന്നെയെന്നു കേരളം സുപ്രീംകോടതിയിൽ
Tuesday, January 31, 2023 12:46 AM IST
ന്യൂഡൽഹി: ഭൂപതിവുചട്ട ഭേദഗതി ഈ നിയമസഭ സമ്മേളനത്തിൽ തന്നെ കൊണ്ടുവരുമെന്നു കേരളം സുപ്രീംകോടതിയിൽ. ഭൂപതിവുനിയമം അനുസരിച്ച് സർക്കാർ പട്ടയം ലഭിച്ച ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകൾ നൽകിയ ഹർജി പരിഗണിക്കവേയാണ് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഹർജി വീണ്ടും മൂന്നാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. ഹർജിയിൽ വിശദമായ വാദം കേൾക്കണമെന്നാണ് ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, വിക്രംനാഥ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്.
പട്ടയഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ നിലവിലെ ചട്ടങ്ങൾ പ്രകാരം കഴിയില്ലെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാംങ്മൂലത്തിൽ കേരളം വ്യക്തമാക്കിയിരുന്നു.
ഖനനം ഉൾപ്പെടെ ഭൂമിക്കു താഴെയുള്ള പ്രവർത്തനങ്ങൾക്കു പട്ടയഭൂമി കൈമാറാൻ 1964 ലെ ചട്ടങ്ങളിൽ വ്യവസ്ഥ ഇല്ലെന്നും സംസ്ഥാന സർക്കാരിന്റെ സത്യവാംങ്മൂലത്തിൽ പറയുന്നു.