ബിജെപി എംപിയുടെ സതി പരാമർശത്തിൽ പാർലമെന്റിൽ പ്രതിഷേധം
Wednesday, February 8, 2023 12:30 AM IST
ന്യൂഡൽഹി: ബിജെപി എംപി ചന്ദ്രപ്രകാശ് ജോഷി സതിസന്പ്രദായത്തെ മഹത്വവത്കരിച്ചെന്ന് ആക്ഷേപിച്ച് പ്രതിപക്ഷം ലോക്സഭയിൽ പ്രതിഷേധിച്ചു.
ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തിലുള്ള നന്ദിപ്രമേയ ചർച്ചയിലാണ് ബിജെപി എംപിയുടെ പരാമർശം. അലാവുദ്ദീൻ ഖിൽജിയിൽനിന്ന് തന്റെ മാനം സംരക്ഷിക്കാൻ മേവാറിലെ രാജ്ഞി പത്മാവതി സ്വയം തീകൊളുത്തിയെന്നുള്ള ചന്ദ്രപ്രകാശ് ജോഷിയുടെ പരാമർശത്തിനെതിരെയാണു പ്രതിഷേധമുയർന്നത്.
എൻസിപി എംപി സുപ്രിയ സുലെ, ഡിഎംകെ എംപിമാരായ കനിമൊഴി, ദയാനിധി മാരൻ, കോണ്ഗ്രസ് എംപി കെ.മുരളീധരൻ, എഐഎംഐഎം എംപി ഇംതിയാസ് ജലീൽ എന്നിവരാണ് ചന്ദ്രപ്രകാശ് ജോഷി സതി സന്പ്രദായത്തെ മഹത്വവത്കരിച്ചെന്ന് ആരോപിച്ച് വിമർശനം ഉയർത്തിയത്.
സതി ആചാരത്തെക്കുറിച്ച് താൻ ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും എന്നാൽ പത്മാവതി മാനം രക്ഷിക്കാൻ ജൗഹർ (സ്വയം തീകൊളുത്തൽ) നടത്തിയെന്നുമാണ് പറഞ്ഞതെന്ന് ബിജെപി എംപി അവകാശപ്പെട്ടു.
പരാമർശം പിൻവലിക്കില്ലെന്നും വാക്കുകളിൽ ഉറച്ചുനിൽക്കുന്നതായും എംപി പറഞ്ഞതിനെ തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതിന് പിന്നാലെ സഭ ഉച്ചവരെ നിർത്തിവച്ചു.