വനിതാ സംവരണ ബിൽ പുതിയ പാർലമെന്റിൽ
Wednesday, September 20, 2023 1:45 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: വനിതാ സംവരണം ബിൽ പുതിയ പാർലമെന്റിലെ ആദ്യത്തേതായി കൊണ്ടുവന്നു പുതുചരിത്രം രചിച്ച് ബിജെപി സർക്കാർ. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്കു മൂന്നിലൊന്നു (33%) സീറ്റുകൾ സംവരണം ചെയ്യുന്ന 128-ാം ഭരണഘടനാ ഭേദഗതി ബിൽ ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചു. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കു സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലെ മൂന്നിലൊന്നും ‘കഴിയുന്നത്ര’ വനിതാ സംവരണമാക്കും. ഒബിസിക്ക് പ്രത്യേക സംവരണമില്ല.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ ഇന്ത്യ സഖ്യം വനിതാ സംവരണത്തെ അനുകൂലിക്കുന്നതിനാൽ ബിൽ ലോക്സഭയിലും രാജ്യസഭയിലും പാസാക്കാൻ പ്രയാസമില്ല. എന്നാൽ ബിൽ പാസായാലും 2024ലെ തെരഞ്ഞെടുപ്പിൽ നടപ്പാകില്ല.
രാജ്യസഭ പാസാക്കിയ വനിതാ സംവരണ ബിൽ നിലവിലുണ്ടെന്ന തടസവാദം പ്രതിപക്ഷം ഉയർത്തിയെങ്കിലും സർക്കാർ അതംഗീകരിച്ചില്ല. 2010ൽ രാജ്യസഭ പാസാക്കിയ നിയമം ലോക്സഭയുടെ പരിഗണനയ്ക്കെത്തിയെന്നും 2014ൽ ലോക്സഭയുടെ കാലാവധി അവസാനിച്ചതിനാൽ ബിൽ അസാധുവായെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
എന്നാൽ രാജ്യസഭയിൽ അവതരിപ്പിച്ചതും പാസാക്കിയതുമായ ബില്ലുകൾ അസാധുവാകില്ലെന്നു പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും ലോക്സഭയിൽ കോണ്‍ഗ്രസിന്റെ നേതാവ് അധീർ രഞ്ജൻ ചൗധരിയും ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന്റെ ക്രെഡിറ്റാണ് വനിതാ ബില്ലെന്നു സോണിയാ ഗാന്ധിയും രാജീവ് ഗാന്ധി, നരസിംഹ റാവു, മൻമോഹൻ സിംഗ് എന്നീ കോണ്‍ഗ്രസ് പ്രധാനമന്ത്രിമാർക്കാണു വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റെന്ന് അധീർ രഞ്ജനും പറഞ്ഞു.
ഇരുസഭകളിലും ബിൽ പാസാക്കിയാലും 2029ലെ തെരഞ്ഞെടുപ്പിലെങ്കിലും നടപ്പാക്കാൻ മണ്ഡല പുനർനിർണയം സംബന്ധിച്ച ഭരണഘടനയുടെ 82-ാം അനുച്ഛേദം ഭേദഗതി ചെയ്യേണ്ടതുണ്ട്.
അടുത്ത സെൻസസ് പൂർത്തിയാക്കിയ ശേഷം നടത്തുന്ന മണ്ഡല പുനർനിർണയത്തിനു ശേഷം വനിതാ സംവരണം നടപ്പാക്കുകയെന്ന മോദി സർക്കാരിന്റെ പുതിയ ബില്ലിലെ വ്യവസ്ഥ മൂലം ഫലത്തിൽ വനിതാ സംവരണം നടപ്പാക്കുന്നതു നീളും. 2021ലെ സെൻസസ് കോവിഡ് മൂലം നടത്തിയില്ല. അടുത്ത സെൻസസിനു സാധ്യത 2027ലാണ്.
ഡീലിമിറ്റേഷൻ നിയമത്തിനു പ്രത്യേക ബില്ലും വിജ്ഞാപനവും ആവശ്യമാണ്. പതിനഞ്ചു വർഷത്തേക്കാണു നിയമം. ആവശ്യമെങ്കിൽ പിന്നീടു നീട്ടാനാകും. ലോക്സഭയും രാജ്യസഭയും പാസാക്കിയശേഷം പകുതി നിയമസഭകളിലും പാസായെങ്കിൽ മാത്രമേ ബിൽ നിയമമാകൂ.
രാജ്യത്തിന്റെ വികസന പ്രക്രിയയിൽ കൂടുതൽ സ്ത്രീകൾ ചേരണമെന്ന് സർക്കാർ ആഗ്രഹിക്കുന്നതായി ബിൽ അവതരിപ്പിച്ച കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ പറഞ്ഞു. ബില്ലിന് അംഗീകാരം ലഭിച്ചാൽ ലോക്സഭയിലെ വനിതാ എംപിമാരുടെ എണ്ണം 82ൽ നിന്ന് 181 ആയി ഉയരുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെ 95 കോടി വോട്ടർമാരിൽ പകുതിയോളം സ്ത്രീകളാണ്. നിലവിൽ പാർലമെന്റിൽ 15 ശതമാനവും സംസ്ഥാന നിയമസഭകളിൽ 10 ശതമാനവുമാണു സ്ത്രീ പ്രാതിനിധ്യം.