കേരളത്തിന്റെ മുളയുത്പന്നങ്ങൾ ബഹ്റിനിലേക്ക്
Wednesday, October 16, 2019 11:33 PM IST
കൊച്ചി: ബാംബു കോർപറേഷൻ ബഹ്റിനിലേക്ക് മുളയുത്പന്നങ്ങൾ കയറ്റി അയച്ചു. മുളകൊണ്ടു നിർമിച്ച പനന്പും ഹൈടെക് ബാംബു ഫ്ളോറിംഗ് ടൈൽ ഫാക്ടറി ഉത്പന്നമായ ബാംബു സ്ട്രിപ്പും അടക്കം 15 ലക്ഷം രൂപ വിലവരുന്ന ഉത്പന്നങ്ങളാണ് കൊച്ചി തുറമുഖം വഴി കയറ്റി അയച്ചത്.
ബഹ്റിനിലെ പരിസ്ഥിതി സൗഹൃദ നിർമാണ ആവശ്യങ്ങൾക്കായാണ് ഈ മുളയുത്പന്നങ്ങൾ ഉപയോഗിക്കുക. നേരത്തെ മാലിയിലേക്കും ദുബായിലേക്കും മുളയുത്പന്നങ്ങൾ കയറ്റിയയച്ചിരുന്നു. വിദേശത്തു നിന്നു കൂടുതൽ ഓർഡറുകൾ ഇപ്പോൾ കോർപറേഷനു ലഭിക്കുന്നുണ്ട്.
കോർപറേഷന്റെ അങ്കമാലി യൂണിറ്റിൽ നടന്ന കയറ്റുമതിയുടെ ഫ്ലാഗ് ഓഫ് കർമം കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ് നിർവഹിച്ചു. ബാംബു കോർപറേഷൻ ചെയർമാൻ കെ.ജെ. ജേക്കബ്, എംഡി എ.എം. അബ്ദുൽ റഷീദ് എന്നിവർ സന്നിഹിതരായിരുന്നു.