മഴദിനത്തിൽ കേരളത്തിനു മേൽക്കൈ
Friday, October 11, 2024 11:49 PM IST
തുന്പ: രഞ്ജി ട്രോഫി ക്രിക്കറ്റ് 2024-25 സീസണിന്റെ ആദ്യദിനം കേരളത്തിന്റെ മത്സരം മഴയിൽ തടസപ്പെട്ടു. മഴ തടസപ്പെടുത്തിയ കേരളം x പഞ്ചാബ് പോരാട്ടത്തിന്റെ ആദ്യദിനം 39 ഓവർ മാത്രമാണ് മത്സരം നടന്നത്. ടോസ് നേടി ക്രീസിലെത്തിയ പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 95 റണ്‍സ് എന്ന നിലയിലാണ് ആദ്യദിനം അവസാനിപ്പിച്ചത്.
അതിഥി ആറാട്ട്
കേരളത്തിന്റെ അതിഥി താരങ്ങളായ ആദിത്യ സർവതെയുടെയും ജലജ് സക്സേനയുടെയും ബൗളിംഗ് മികവാണ് ആദ്യദിനം കേരളത്തിനു മേൽക്കൈ നൽകിയത്. മഹാരാഷ്ട്ര സ്വദേശിയായ ആദിത്യ സർവതെ മൂന്നും കഴിഞ്ഞ സീസണുകളിൽ കേരളത്തിനൊപ്പം കളിക്കുന്ന മധ്യപ്രദേശുകാരനായ ജലജ് സക്സേന രണ്ടു വിക്കറ്റും നേടി.
ഇന്നിംഗ്സിലെ ആദ്യ ഓവറിൽ തന്നെ പഞ്ചാബ് ഓപ്പണർ അഭയ് ചൗധരിയെ (0) മടക്കി ആദിത്യ സർവതെ കേരളത്തിനു മികച്ച തുടക്കം നൽകി. അൻമോൽപ്രീത് 28 റണ്‍സ് നേടി. ക്രിഷ് ഭഗത് (6), രമണ്‍ദീപ് (28) എന്നിവരാണ് ക്രീസിൽ. ഫാസ്റ്റ് ബൗളറായി ബേസിൽ തന്പിയെ മാത്രം ഉൾപ്പെടുത്തിയാണ് കേരളം ഇറങ്ങിയത്. സർവതെ, ജലജ് എന്നിവർക്കൊപ്പം ചെന്നൈ സ്വദേശിയായ ബാബ അപരാജിതും ഇറങ്ങി.