കാട്ടാന വിളയാട്ടം പതിവാകുന്നു; ജീവനു പോലും ഭീഷണിയെന്ന് കർഷകർ
1262628
Saturday, January 28, 2023 12:47 AM IST
ചക്കിട്ടപാറ: ചെമ്പനോടയിൽ കൃഷിയിടങ്ങളിൽ കാട്ടാനകളുടെ വിളയാട്ടം പതിവ് സംഭവമായി മാറിയതായി പരാതി.
ചക്കിട്ടപാറ പഞ്ചായത്ത് രണ്ടാം വാർഡ് വലിയകൊല്ലി, കാട്ടിക്കുളം മേഖലയിലാണ് കഴിഞ്ഞ ദിവസം കാട്ടാന ജനവാസ കേന്ദ്രത്തിലെ കൃഷിയിടത്തിലിറങ്ങി വ്യാപകമായി തെങ്ങ് അടക്കമുള്ള കൃഷി വിളകൾ നശിപ്പിച്ചത്.
കർഷകരായ ചുണ്ടയിൽ മനോജിന്റെ തെങ്ങ്, നൂറ് വാഴകളും ചീരംചിറ തോമസിന്റെ വാഴ, തെങ്ങ് എന്നിവയും പാടെ നശിപ്പിച്ചു. ഒരാഴ്ച മുമ്പ് ചെമ്പനോട ആലമ്പാറ മേഖലയിൽ കാട്ടാനകൾ കൃഷിനാശം വരുത്തിയിരുന്നു.
കൂടാതെ, ഇവിടെ കാട്ടുപോത്തുകളും ഭീഷണിയായി മാറിയിട്ടുണ്ട്. വീടിനോട് ചേർന്ന് കൃഷി ചെയ്യുന്ന പച്ചക്കറി കൃഷികൾ കാട്ടുപോത്തുകൾ നശിപ്പിക്കുന്നുവെന്നും പറയുന്നു. വന്യമൃഗശല്യം രൂക്ഷമായി മാറിയതായും ജീവനുപോലും ഭീഷണിയായി തീർന്നതായും, ജീവിതം വഴിമുട്ടിയ നിലയിലായതായും കർഷകർ പരാതി പറയുന്നു.
വനാതിർത്തിയായ ഇവിടെ സ്ഥാപിച്ച സോളാർ ഫെൻസിംഗ് തകർത്താണ് വന്യമൃഗങ്ങൾ കൃഷിയിടത്തിൽ പ്രവേശിക്കുന്നത്.കാട്ടാനകളെ തുരത്തുന്നതിനായുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ വനം വകുപ്പ് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. വന്യമൃഗങ്ങളെ തടയാൻ ശാശ്വതമായ പരിഹാരം വേണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.