നാദാപുരത്ത് പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളും ഒരു കൂട്ടം യുവാക്കളും ചേരി തിരിഞ്ഞ് കൂട്ടത്തല്ല്
1283317
Saturday, April 1, 2023 11:32 PM IST
നാദാപുരം: പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളും ഒരു കൂട്ടം യുവാക്കളും തമ്മിൽ ചേരി തിരിഞ്ഞ് കൂട്ടത്തല്ല്. വെള്ളിയാഴ്ച്ച രാത്രി പത്തോയോടെയാണ് ബസ് സ്റ്റാൻഡിന് പിൻവശത്ത് തലശേരി റോഡിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്.
പേരോട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും ഇവർക്കൊപ്പം എത്തിയ ഒരു കൂട്ടം യുവാക്കളുമാണ് രണ്ടു ഗ്രൂപ്പുകളായി ഏറ്റുമുട്ടിയതെന്ന് പോലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം ഒരു ഗ്രൂപ്പിലെ വിദ്യാർഥിക്ക് മർദനമേറ്റിരുന്നതായി പരാതിയുണ്ട്. ഇതിന് പകരം വീട്ടാനാണ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ വെല്ലുവിളി നടത്തി ടൗണിൽ എത്തിയത്. തലശേരി റോഡിൽ സംഘടിച്ച് നടത്തിയ ഏറ്റുമുട്ടൽ മാർക്കറ്റ് റോഡ്, നാദാപുരം ടൗൺ പരിസരത്തേക്കും വ്യാപിക്കുകയായിരുന്നു. ഇരു ഭാഗത്തുമായി 100 ലേറെ വിദ്യാർഥികൾ പട്ടിക വടികളും മറ്റുമായി പോരടിച്ചു. മോട്ടോർ ബൈക്കുകളിലും, കാറുകളിലുമാണ് വിദ്യാർഥികളും യുവാക്കളും സംഘം ചേർന്ന് എത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഘർഷം ഉണ്ടായതോടെ വ്യാപാരികളും, നാട്ടുകാരും ഇടപെട്ടെങ്കിലും നിയന്ത്രിക്കാനായില്ല. ഈ സംഘത്തിനൊപ്പം ടൗണിലെ അനധികൃത സ്ഥാപനങ്ങളിലെ ചിലരും അക്രമികൾക്കൊപ്പം ചേർന്നതോടെയാണ് സംഘർഷം മൂർച്ഛിച്ചത്.
സംഘർഷ വിവരമറിഞ്ഞ് നാദാപുരം സിഐ ഇ.വി. ഫായിസ് അലി, എസ്ഐ എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തി സംഘർഷത്തിലേർപ്പെട്ടവർക്ക് നേരെ ലാത്തി വീശുകയായിരുന്നു. വിരലിൽ എണ്ണാവുന്ന പോലീസുകാർ മാത്രമാണ് സംഘർഷം ലഘൂകരിക്കാൻ ഉണ്ടായിരുന്നത്. സംഭവസ്ഥലത്ത് നിന്നും അക്രമ സംഘത്തിൽ പെട്ട ഏതാനും വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ പിന്നീട് രക്ഷിതാക്കളെ വിളിച്ച് വരുത്തിയ ശേഷം വിട്ടയച്ചു.