ചേളന്നൂരിലെ മണ്ണെടുപ്പ്: ചര്‍ച്ച അലസി
1483539
Sunday, December 1, 2024 6:09 AM IST
കോഴിക്കോട്: ചേളന്നൂര്‍ കണ്ണങ്കര പോഴിക്കാവ് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരേ നാട്ടുകാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ വിളിച്ച അനുരഞ്ജനയോഗം അലസിപ്പിരിഞ്ഞു. സമരം തുടരുമെന്ന് ജനകീയസമരസമിതി അറിയിച്ചു. പോലീസിന്റെ സംരക്ഷണത്തിലാണ് കരാറുകാരന് മണ്ണെടുക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ മണ്ണെടുപ്പ് തടഞ്ഞിരുന്നു. ഇന്നലെ രാവിലെ തഹസില്‍ദാരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിട്ടും പരിഹാരമാകാത്തതിനാലാണ് ജില്ലാ കളക്ടര്‍ ഇടപെട്ടത്. ജിയോളജി ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചശേഷം തീരുമാനമെടുക്കുമെന്ന നിലപാടാണ് കളക്ടര്‍ സ്വീകരിച്ചതെന്ന് ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. തീരുമാനമാകുന്നതുവരെ സമരം തുടരുമെന്നും അവര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം സ്ത്രീകളടക്കമുള്ള നൂറുകണക്കിനു നാട്ടുകാര്‍ മണ്ണെടുപ്പിനെതിരേ പ്രതിരോധവുമായി രംഗത്തെത്തി. മണ്ണെടുപ്പിനു സംരക്ഷണം നല്കാന് കാക്കൂര്‍ എസ്ഐയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. തഹസില്‍ദാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.
ഇന്നലെ രാവിലെ സ്ഥലത്തെത്തിയ തഹസില്‍ദാര്‍ പ്രേംലാല്‍ നാട്ടുകാരുമായി സംസാരിച്ചുവെങ്കിലും ജനങ്ങള്‍ വഴങ്ങിയില്ല. മണ്ണെടുക്കുന്നത് പരിസ്ഥിതിക പ്രശ്നങ്ങള്ക്കുകാരണമാകുന്നതിനാല് ഒരു വിധത്തിലും സഹകരിക്കുന്നില്ലെന്ന പ്രശ്നമില്ലെന്ന് ജനകീയ സമിതി വ്യക്തമാക്കി. ഇതേതുടര്‍ന്ന് കളക്ടറുടെ ചേംബറില്‍ ചര്‍ച്ച നടത്താമെന്ന തീരുമാനത്തില്‍ യോഗം പിരിഞ്ഞു.
കഴിഞ്ഞ എട്ടുമാസമായി ഇവിടെനിന്ന് കുന്നിടിച്ച് മണ്ണെടുത്തുകൊണ്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വെങ്ങളം-അഴിയൂര്‍ ദേശീയപാത നിര്‍മിക്കുന്നതിനുവേണ്ടിയാണ് കരാറുകാരന് കുന്നിടിച്ച് മണ്ണെടുക്കുന്നത്. കുന്നിന്റെ ഒരു ഭാഗം ഇതിനകം ഇടിച്ചുകഴിഞ്ഞു. നൂറുകണക്കിനു ലോറികളാണ് നിത്യേന മണ്ണുമായി പോകുന്നത്.
തുടക്കത്തില്‍തന്നെ നാട്ടുകാര്‍ ഇതിനെതിരേ രംഗത്തുവന്നിരുന്നു. പ്രതിഷേധത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസം മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കുകയും ചെയ്തു. പിന്നീട് പോലീസ് സംരക്ഷണത്തില്‍ പുനരാരംഭിക്കുകയായിരന്നു. കാക്കൂര്‍ എസ്ഐയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.