ബ്രണ്ണൻ വരവേൽക്കും, തലശേരി പഴമയുടെ പുതിയ താളവുമായി
1274125
Saturday, March 4, 2023 1:06 AM IST
തലശേരി: തലശേരിയുടെ തലയെടുപ്പുള്ള രചനാ പൈതൃകം വിളിച്ചോതുന്ന സ്വാഗത നൃത്തശില്പം ഒരുങ്ങിക്കഴിഞ്ഞു. ഗുണ്ടർട്ടിന്റെയും പോത്തേരിയുടെയും മൂർക്കോത്തിന്റെയും ചരിത്രം വിളിച്ചോതുന്ന സ്വാഗതഗാനമാണ് അവതരിപ്പിക്കുന്നത്.
പയ്യന്നൂർ കോളജിലെ മലയാള വിഭാഗം അധ്യാപകനും കവിയുമായ ഡോ. പത്മനാഭൻ കാവുമ്പായിയാണ് രചന. ബ്രണ്ണനിലെ പൂർവ വിദ്യാർഥിയും തലശേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ ബൈജു മാത്യുവാണ് സംഗീതവും ആലാപനവും. പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിലെ വിദ്യാർഥികളാണ് അരങ്ങിലെത്തുന്നത്. പൂർവ വിദ്യാർഥിയും അധ്യാപികയുമായ ഹരിത തമ്പാനാണ് കൊറിയോഗ്രഫി. ഇന്ന് രാവിലെ നടക്കുന്ന ഉദ്ഘാടന വേദിയിലാണ് നൃത്തശില്പം അരങ്ങേറുക.
ഉദ്ഘാടനം ഇന്ന്
തലശേരി: കണ്ണൂർ സർവകലാശാല കലോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. വേദി ഒന്നിൽ നടക്കുന്ന ചടങ്ങിൽ സർവകലാശാല വിസി പ്രഫ. ഗോപിനാഥ് രവീന്ദ്രൻ, യൂണിവേഴ്സിറ്റി ഡിഎസ്എസ് ഡോ. നഫീസ ബേബി, ബ്രണ്ണൻ കോളജ് പ്രിൻസിപ്പൽ ഡോ. സി. ബാബുരാജ്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.