ഉപരാഷ്ട്രപതിയുടെ സന്ദർശനം; ഒരുക്കിയത് കനത്ത സുരക്ഷ
1296682
Tuesday, May 23, 2023 12:51 AM IST
മട്ടന്നൂർ: ഉപരാഷ്ട്രപതിജഗ്ദീപ് ധൻഖറിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് മട്ടന്നൂരിലും പരിസര പ്രദേശങ്ങളിലും ഏർപ്പെടുത്തിയത് കനത്ത സുരക്ഷയും വാഹന ഗതാഗത നിയന്ത്രണവും. റോഡുകൾ ബ്ലോക്ക് ചെയ്തായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയത്.
നിശ്ചയിച്ചതിലും അരമണിക്കൂർ വൈകിയാണ് തിരുവനന്തപുരത്ത് നിന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറെയും വഹിച്ചുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം ടേക് ഓഫ് ചെയ്തത്. ഉച്ചയ്ക്ക് 1.30ന് കണ്ണൂർ വിമാനത്താവളത്തിലെത്തി. 1.50 ഓടെ തന്റെ അധ്യാപികയായിരുന്ന പാനൂർ ചമ്പാട്ടെ ആനന്ദ വീട്ടിൽ രത്ന നായരെ കാണുന്നതിനായി റോഡ് മാർഗം പ്രത്യേക വാഹനത്തിൽ ഉപരാഷ്ട്രപതിയും ഭാര്യ ഡോ. സുധേഷ് ധന്‍ഖറും തിരിച്ചു.
സന്ദർശനത്തിന് ശേഷം മൂന്നരയോടെ മട്ടന്നൂരിലേക്ക് മടങ്ങി. മട്ടന്നൂരിൽ നിന്നും 4.05ന് ഹെലികോപ്റ്ററിൽ ഏഴിമല നാവിക അക്കാഡമിയിലേക്ക് തിരിച്ചു. ഉപരാഷ്ട്രപതിഅക്കാഡമി സന്ദർശിച്ച ശേഷം രാത്രിയോടെ കണ്ണൂർ വിമാനത്താവളം വഴി ന്യൂഡൽഹിയിലേക്ക് മടങ്ങി. ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് 1300 ഓളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചി രുന്നത്.
ഉപരാഷ്ട്രപതിയുടെ വാഹനം കടന്നുപോകുന്ന റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ നിർത്തിയിടാൻ അനുവദിച്ചിരുന്നില്ല. പ്രധാന റോഡുകളും ലോക്കൽ റോഡുകളും കുറച്ചുനേരത്തേക്ക് അടച്ചിരുന്നു.
നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, എംപിമാരായ വി. ശിവദാസന്‍, പി.ടി. ഉഷ, പി. സന്തോഷ് കുമാര്‍, ഉത്തരമേഖലാ ഐജി നീരജ് കുമാര്‍ ഗുപ്ത, ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍, സിറ്റി കമ്മീഷണര്‍ അജിത് കുമാര്‍, കിയാല്‍ എംഡി സി. ദിനേശ് കുമാര്‍, അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ എം.എസ്. ഹരികൃഷ്ണന്, കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി എന്നിവര്‍ ചേര്‍ന്നാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിനെ വിമാനത്താവളത്തിൽ സ്വീകരിച്ചത്.