വെളിമാനത്ത് കടുവയെ കണ്ടതായി നാട്ടുകാർ
1395683
Monday, February 26, 2024 1:39 AM IST
കീഴപള്ളി: വെളിമാനത്ത് കടുവയെ കണ്ടതായി നാട്ടുകാർ. വെളിമാന അങ്കണവാടിക്ക് സമീപം വെട്ടിക്കാട്ടിൽ രാജേഷിന്റെ വീട്ടുമുറ്റത്താണ് കടുവയെ കണ്ടതായി വീട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് രാജേഷിന്റെ അമ്മയും ഭാര്യയും കുട്ടികളും കടുവയെ കണ്ടതായി പറയുന്നത്. ഫോറസ്റ്റ് അധികൃതർ എത്തി പരിശോധന നടത്തിയെങ്കിലും വന്യമൃഗത്തിന്റേത് എന്ന് സംശയിക്കുന്ന കാൽപ്പാടുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കാട്ടുപന്നിയുടെ സാന്നിധ്യം കൂടുതൽ ഉള്ളതുകൊണ്ട് വന്യമൃഗത്തിന്റെ സാന്നിധ്യം തള്ളിക്കളയാൻ കഴിയില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടുദിവസം മുന്പ് വെളിമാനം സ്വദേശി നിരപ്പേൽ ആഗസ്തി റബർ ടാപ്പിംഗിന് പോയപ്പോൾ വന്യമൃഗത്തെ കണ്ടതായും പറയുന്നുണ്ട്.
വന്യ ജീവിയെ കണ്ടതായുള്ള വാർത്ത പരന്നതോടെ പ്രദേശവാസികൾ ഇന്നലെ രാവിലെ റബർ ടാപ്പിംഗ് അടക്കമുള്ള ജോലികൾ ചെയ്യുന്നത് നിർത്തിവച്ചിരിക്കുകയാണ്. ജാഗ്രത പുലർത്താനും വന്യമൃഗത്തിന്റെ സാന്നിധ്യം അറിയുകയാണെങ്കിൽ വിവരമറിയിക്കാനും വനം വകുപ്പ് പ്രദേശവാസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.