മാഹിയിൽ ഇന്ന് വോട്ടെടുപ്പ്; ബൂത്തുകളുടെ നിയന്ത്രണം പൂർണമായും വനിതകൾക്ക്
1417333
Friday, April 19, 2024 1:48 AM IST
മാഹി: രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ഇന്നു നടക്കുന്പോൾ കേരളത്തിന് നടുവിലായി കിടക്കുന്ന പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയും പോളിംഗ് ബൂത്തിലേക്ക്. മാഹിയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും വോട്ടെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ പൂർണമായും നിയന്ത്രിക്കുന്നത് വനിതാ ജീവനക്കാരാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. മാഹി, പള്ളൂർ, പന്തക്കൽ മേഖലകളിലായി 31,038 വോട്ടർമാർക്കായി 31 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്.
രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് പോളിംഗ്. ബൂത്തുകളിൽ സുരക്ഷയ്ക്കായും വനിതാ പോലീസിനെയാണ് വിന്യസിക്കുന്നത്. മാഹിയിൽ വനിതാ പോലീസിന്റെ എണ്ണം കുറവായതിനാൽ കേരളത്തിൽ നിന്നുള്ള വനിതാ പോലീസിനെയും ഉപയോഗപ്പെടുത്തുന്നുണ്ട്.കൂടാതെ എൻഎസ്എസ് വോളണ്ടിയർമാരുടെ സേവനവും ലഭ്യമാക്കും. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്നലെ മാഹി ഗവ. ഹൗസിൽ നടന്നു.
അസി. റിട്ടേണിംഗ് ഓഫീസർ ഡി.മോഹൻകുമാറിൽനിന്ന് സാമഗ്രികൾ ഏറ്റുവാങ്ങിയ ജീവനക്കാർ ഇന്നലെ വൈകുന്നേരത്തോടെ ബൂത്തുകളിലെത്തി ഇന്നത്തേക്കാവശ്യമായ സജ്ജീകരങ്ങൾ ഒരുക്കി.