തില്ലങ്കേരി: വീടിനകത്തെ കിടപ്പുമുറിയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. തില്ലങ്കേരി കാവുംപടി ഷഫീന മൻസിലിൽ കുന്നത്ത് അബ്ദുൾ ഖാദറിന്റെ വീടിനുള്ളിലെ കട്ടിലിനടിയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. അബ്ദുൾ ഖാദറിന്റെ ഉമ്മ അലീമ കിടന്ന മുറിയിലാണ് പെരുമ്പാമ്പിനെ കണ്ടത്. രോഗിയായ ഉമ്മയെ പരിചരിക്കാൻ എത്തിയ അബ്ദുൾ ഖാദറിന്റെ ഭാര്യ ജമീലയാണ് മുറിയിലെത്തിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. കറുത്ത ഏതോ ഒരു വസ്തു കട്ടിലിനടിയിൽ കണ്ടപ്പോഴാണ് പാമ്പ് ആണെന്ന് മനസിലായത്. പരിഭ്രാന്തരായ ജമീല ബഹളം വച്ചതിനെ തുടർന്ന് വീട്ടിലുണ്ടായിരുന്നവരും ഓടിയെത്തി. തുടർന്ന് സമീപവാസികളും വീട്ടിലെത്തി ഫോറസ്റ്റിൽ വിവരം അറിയിക്കുകയായിരുന്നു. ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് വാച്ചർ ഫൈസൽ വിളക്കോട് വീട്ടിലെത്തി പെരുമ്പാമ്പിനെ പിടികൂടി.