ഇന്റർ സ്കൂൾ കിഡ്സ് അത്ലറ്റിക് മീറ്റ്; പരിയാരം ഉർസുലൈൻ സ്കൂൾ ചാമ്പ്യന്മാർ
1458113
Tuesday, October 1, 2024 8:05 AM IST
പരിയാരം: 2024-2025 വർഷത്തെ ഇന്റർ സ്കൂൾ കിഡ്സ് അത്ലറ്റിക് മീറ്റ് പരിയാരം ഉർസുലൈൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ഉർസുലൈൻ പരിയാരം സ്കൂളിലെ തന്നെ ആറാം ക്ലാസ് വിദ്യാർഥി ശ്രീപത് യാൻ മീറ്റ് ഉദ്ഘാടനം ചെയ്തു. സ്റ്റേജിൽ സ്ഥാപിച്ച ബാസ്ക്കറ്റ് ബോൾ കളിച്ചായിരുന്നു ഉദ്ഘാടന കർമം നിർവഹിച്ചത്.
പിടിഎ പ്രസിഡന്റ് രാജേഷ് മല്ലപ്പള്ളി അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റി മാത്യുവും വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാരും പങ്കെടുത്തു. മേരി മാതാ ഇംഗീഷ് മീഡിയം സ്കൂൾ മാനേജർ ഫാ. ബെന്നി മണപ്പാട്ട് പ്രസംഗിച്ചു. ശ്രിയ ശ്രീജൻ നന്ദി പറഞ്ഞു.
കായിക മത്സരങ്ങളിൽ അസീസി സ്കൂൾ നെരുവമ്പ്രം, അൽഫോൻസ സെൻട്രൽ സ്കൂൾ എടാട്ട്, സെന്റ് എലിസബത്ത് സ്കൂൾ കാര്യപ്പള്ളി, മേരിമാതാ സ്കൂൾ പിലാത്തറ, സെന്റ് ലൂസി സ്കൂൾ കോറോം, മദർ സ്കൂൾ വൈപ്പിരിയം, സെന്റ് പോൾസ് സ്കൂൾ തളിപ്പറമ്പ്, ഉർസുലൈൻ സ്കൂൾ പരിയാരം എന്നീ സ്കൂളുകൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ സെന്റ് ലൂസി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ടെസി ലൂക്കോസ് നന്ദി പറഞ്ഞു. മത്സരത്തിൽ ഉർസുലൈൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പരിയാരം ചാമ്പ്യൻമാരായി. സെന്റ് പോൾസ് സ്കൂൾ തളിപ്പറമ്പ് രണ്ടാം സ്ഥാനവും സെന്റ് ലൂസി സ്കൂൾ കോറോം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.