സങ്കടക്കടലായി നാട്
1577305
Sunday, July 20, 2025 6:14 AM IST
കൊല്ലം: സ്കൂൾ വളപ്പിൽ ഷോക്കേറ്റ് മരിച്ച മിഥുന് അന്ത്യയാത്രാമൊഴിയേകാൻ ഒഴുകിയെത്തിയത് അനേകായിരങ്ങൾ. നാടിന്റെ പ്രിയപ്പെട്ടവനെ അവസാനമായി ഒരുനോക്കു കാണാൻ ഇന്നലെ രാവിലെ മുതൽ തേവലക്കര സ്കൂളിലേക്കും വിളന്തറ ഗ്രാമത്തിലേക്കും നാട്ടുകാരുടെ പ്രവാഹമായിരുന്നു.
മിഥുന്റെ ചേതനയറ്റ ശരീരം വിദ്യാലയ മുറ്റത്തും വിളന്തറയിലെ വീട്ടുമുറ്റത്തും പൊതുദർശനത്തിന് വച്ചപ്പോൾ കൂട്ടുകാരും നാട്ടുകാരുമൊക്കെ വിങ്ങിപ്പൊട്ടി. ആർക്കും പരസ്പരം ആശ്വസിപ്പിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. കൊച്ചുമിടുക്കന്റെ വിടവാങ്ങലിന് പ്രകൃതി പോലും കണ്ണീരണിഞ്ഞു.
തേവലക്കര ബോയ്സ് സ്കൂൾ അങ്കണത്തിൽ രാവിലെയാണ് മൃതദേഹം പൊതുദർശനത്തിന് വച്ചത്. സഹപാഠികളും അധ്യാപകരും അനധ്യാപകരും അടക്കം നൂറുകണക്കിന് ആൾക്കാർ ഇവിടെ അന്ത്യോപചാരം അർപ്പിച്ചു.
ഹൃദയഭേദകമായ കാഴ്ചകൾക്കാണ് സ്കൂൾ അങ്കണം സാക്ഷ്യം വഹിച്ചത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ശിഷ്യനെ കാണാൻ എത്തിയ ക്ലാസ് ടീച്ചർ റൂബി കുഴഞ്ഞുവീണത് നൊമ്പരക്കാഴ്ചയായി.
അധ്യയന വർഷം ആരംഭിച്ചിട്ട് അധിക നാളായില്ലെങ്കിലും സ്കൂളിൽ വലിയൊരു സൗഹൃദ വലയം മിഥുന് ഉണ്ടായിരുന്നു. സ്കൂളിലെ പൊതുദർശനം പൂർണമായ ശേഷമാണ് മൃതദേഹം മിഥുനിൻ്റെ വീടായ വിളന്തറ വലിയപാടം മനുഭവനിൽ എത്തിച്ചത്. അപ്പോഴേക്കും വീടും പരിസരവും സങ്കടക്കടലായി മാറി.
വീണ്ടു കീറിയ ചുമരുകളും ചോർന്നൊലിക്കുന്ന മേൽക്കൂരയുമുള്ള വീടിൻ്റെ മുറ്റത്ത് ടാർപ്പോളിൻ വലിച്ച് കെട്ടിയ താത്ക്കാലിക പന്തലിലാണ് മിഥുനിനെ കിടത്തിയത്. ജനപ്രതിനിധികൾ അടക്കം ആയിരങ്ങൾ ഇവിടെയുമെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
വൈകുന്നേരം 4.30 ഓടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. അച്ഛൻ മനുവും അമ്മ സുജയും അനുജൻ സുജിനും മിഥുന് അന്ത്യചുംബനം നൽകി.
അവസാനമായി മകന് ചുംബനം നൽകാൻ എത്തിയ മാതാവ് സുജ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞപ്പോൾ കണ്ട് നിന്നവരും കണ്ണീർ വാർത്തു. അനുജൻ സുജിൻ തന്നെയാണ് ചിതയ്ക്ക് തീ കൊളുത്തിയത്. മിഥുനെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങുമ്പോഴും വിളന്തറയിലെ വീട്ടിലേക്കുള്ള ജനപ്രവാഹം തുടരുകയായിരുന്നു.
ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ പത്തോടെയാണ് പുറത്തെടുത്ത് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി തേവലക്കര ബോയ്സ് ഹൈസ്കൂളിൽ പൊതുദർശനത്തിനായി എത്തിച്ചത്.