സർക്കാർ നിലപാടുകൾ ആത്മാർഥത ഇല്ലാത്തത്: കൊടിക്കുന്നിൽ സുരേഷ് എംപി
1577308
Sunday, July 20, 2025 6:14 AM IST
കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിലെ വിദ്യാർഥിയായിരുന്ന മിഥുൻ ഷോക്കേറ്റ് മരിച്ച വിഷയത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ സ്വീകരിച്ച നിലപാടുകൾ ആത്മാർഥത ഇല്ലാത്തതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
വിഷയത്തിൽ സർക്കാർ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്കൂളിലെ ഹെഡ്മിസ്ട്രസിനെ സസ്പെൻഡ് ചെയ്തത് മാനേജ്മെന്റ് നടപടി മാത്രമാണ്. ഹെഡ്മിസ്ട്രസിനെ ഈ വിഷയത്തിൽ ബലിയാടാക്കുക വഴി യഥാർഥ കുറ്റക്കാരായ കെഎസ്ഇബി, വിദ്യാഭ്യാസ വകുപ്പ്, സ്കൂൾ മാനേജ്മെന്റ് എന്നിവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിനുള്ളത്.
മിഥുന്റെ മൃതദേഹം പൊതുദർശനത്തിന് വച്ച സ്കൂളിലോ വീട്ടിലോ സർക്കാരിന്റെ പ്രതിനിധിയായി ഒരു മന്ത്രിയെ പോലും അയക്കാതിരുന്നത് ഈ നിലപാടുകളുടെ തുടർച്ചയാണ്. പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനായ സ്കൂൾ മാനേജരെ അറസ്റ്റ് ചെയ്യുകയും മാനേജ്മെന്റ് കമ്മറ്റിയും പിടിഎയും പിരിച്ചുവിട്ട് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഏറ്റെടുക്കുകയും വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
സർക്കാർ മിഥുന്റെ കുടുംബത്തിന് വീട് വച്ച് നൽകുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വാഗ്ദാനം യാഥാർഥ്യമാകാൻ സാധ്യതയില്ല. അത്തരമൊരു സാഹചര്യത്തിൽ മിഥുന്റെ കുടുംബത്തിന് താമസിക്കുന്നതിന് കോൺഗ്രസ് പുതിയ വീട് വച്ച് നൽകുമെന്നും കുടുംബത്തിന് ആവശ്യമായ തുടർ പിന്തുണ ഉറപ്പാക്കുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.