കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചത് മതനിരപേക്ഷതയ്ക്കെതിരായ വെല്ലുവിളിയെന്ന്
1579983
Wednesday, July 30, 2025 6:30 AM IST
കൊല്ലം: ഛത്തീസ്ഗഡിൽ രണ്ട് കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തു ജയിലിടച്ച സംഭവം മതനിരപേക്ഷതക്കെതിരായ വെല്ലുവിളി ആണെന്നും അവരെ ഉടൻ മോചിപ്പിക്കണമെന്നുംഗാന്ധിയർ കളക്ടീവ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അസത്യം നിറഞ്ഞ കുറ്റാരോപണങ്ങളുടെയും അന്യായമായ ആൾകൂട്ട വിചാരണയുടെയും അനന്തര ഫലമാണ് ഈ അറസ്റ്റെന്ന് യോഗംആരോപിച്ചു. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യവും പൗരാവകാശങ്ങളും നിഷേധിച്ചുകൊണ്ട് രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് നേരെ വർധിച്ചുവരുന്ന അക്രമങ്ങളിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
ജില്ലാ ചെയർമാൻ യോഹന്നാൻ ആന്റണി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മേച്ചേഴത്ത് ഗിരീഷ്കുമാർ, കോ ഓർഡിനേറ്റർ എ.ജെ. ഡിക്രൂസ്, സുമൻ ജിത്ത് മിഷ, എസ്. ചന്ദ്രബാബു, മണ്ണൂർ ഷാജി എന്നിവർ പ്രസംഗിച്ചു.