നീതി നിഷേധത്തിനെതിരേ കെഎൽസിഎ കൊല്ലം രൂപത കമ്മിറ്റി പ്രതിഷേധമാർച്ച്
1580167
Thursday, July 31, 2025 6:20 AM IST
കൊല്ലം: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ചു ഛത്തീസ്ഗഡിലെ ദുർഗിൽഅറസ്റ്റിലായ കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊല്ലം രൂപത കെഎൽസിഎ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിലേക്കു നടത്തിയ മാർച്ചിൽ പ്രതിഷേധമിരന്പി.
ഭരണഘടന ഉറപ്പു നൽകുന്ന സ്വാതന്ത്ര്യത്തെപോലും ഹനിക്കുന്ന അത്യന്തം നീച പ്രവർത്തിയാണ് സംഘപരിവാർ പ്രവർത്തകർ ഭരണകൂടത്തിന്റെ മൗനാനുവാദത്തോടുകൂടി ഛത്തീസ്ഗഡിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഒരൊറ്റപ്പെട്ട സംഭവമല്ല, കഴിഞ്ഞ കുറെ നാളുകളായി ഒറീസയിലും മധ്യപ്രദേശിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഈ വർഗീയ വിഷം സംഘപരിവാർ ശക്തികൾ വിളമ്പുന്നുണ്ട്.
ഗ്രഹാം സ്റ്റെയിനും മണിപ്പൂരും സ്റ്റാൻ സ്വാമിയും റാണി മരിയയും ഒക്കെ ഈ ഭരണകൂട ഭീകരതയുടെ രക്തസാക്ഷികളായി ചരിത്രം ഇന്നും ഓർക്കുന്നുവെന്നു രൂപത കമ്മിറ്റി വ്യക്തമാക്കി. സ്വയരക്ഷാർഥം ശിരോവസ്ത്രങ്ങൾപോലും ധരിക്കാതെ സാധാരണ വസ്ത്രങ്ങൾ ധരിച്ചു നടക്കുവാൻ ആവശ്യപ്പെടുമ്പോൾ അത്യന്തം ഞെട്ടലോടെയാണ് അതു കേൾക്കുന്നതെന്നും കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതിഷേധ മാർച്ച് കെഎൽസിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് കുട്ടി കടവിൽ ഉദ്ഘാടനം ചെയ്തു. രൂപത ജനറൽ സെക്രട്ടറി ജാക്സൺ നീണ്ടകര, വിൻസി ബൈജു, അജിത ഷാജി, അഡ്വ.എമഴ്സൺ, ഹാരിസൺ, എ.ജെ ഡിക്രൂസ്, മേരിദാസൻ, പങ്കഗ്രാസ്, ഷെർലി, ജാക്യുലിൻ ജെസി,ജയിംസ്, സജി തുടങ്ങിയവർ പ്രസംഗിച്ചു.