മിക്സിംഗ് പ്ലാന്റിന് മുന്നിൽ ജനകീയ കൂട്ടായ്മ നടത്തി
1579700
Tuesday, July 29, 2025 7:08 AM IST
ചാത്തന്നൂർ: മീനാട് പാലത്തിന് സമീപം സ്ഥാപിക്കുന്ന കോൺക്രീറ്റ് മിക്സിംഗ് പ്ലാന്റിനെതിരേ പ്രതിഷേധവുമായി ജനകീയ കൂട്ടായ്മ. രാഷ്ട്രീയത്തിനതീതമായി പ്രദേശത്തെ ജനങ്ങൾ കോൺക്രീറ്റ് മിക്സിംഗ് പ്ലാന്റിനെതിരേ സംഘടിക്കുകയായിരുന്നു. പഞ്ചായത്തംഗം ബീനാരാജന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ വിവിധ രാഷ്്ട്രീയ പാർട്ടി നേതാക്കൾ നിലപാട് വ്യക്തമാക്കി.
കൊല്ലം ജില്ലയിലെ പ്രധാന നെല്ലറയായ പോളച്ചിറ ഏലായിൽ ചാത്തന്നൂർ - പരവൂർ റോഡിന് സമീപമാണ് കോൺക്രീറ്റ് മിക്സിംഗ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ് പ്ലാന്റ് എന്നാരോപിച്ചാണ് പൊതുജനങ്ങളുടെ എതിർപ്പ്.
നെൽകൃഷിയും മറ്റ് കൃഷികളും നടത്താനാകാത്ത അവസ്ഥ ഉണ്ടാകുമെന്നും കാലിവളർത്തൽ അസാധ്യമാകുമെന്നും പരിസരവാസികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ദേശാടനപക്ഷികളുടെ ആവാസവ്യവസ്ഥ തകർക്കുമെന്നും ആരോപിച്ചാണ് ജനകീയ പ്രതിഷേധം.
ജനകീയ കൂട്ടായ്മ പഞ്ചായത്തംഗം ബീനാരാജൻ ഉദ്ഘാടനം ചെയ്തു. ബി ജെ പി തിരുവനന്തപുരം മേഖലാപ്രസിഡന്റ് ബി.ബി. ഗോപകുമാർ, സിപിഎം പ്രാദേശിക നേതാക്കളായ ജയശങ്കർ, സുമതിക്കുട്ടി, കോൺഗ്രസ് പ്രതിനിധി ദിലീപ്, സിപിഐ പ്രതിനിധി രാധാകൃഷ്ണൻ, ബിജെപി പ്രതിനിധി എസ്.വി. അനിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ ലൈസൻസോ മറ്റ് അനുമതികളോ നൽകിയിട്ടില്ലെന്ന് ചിറക്കര പഞ്ചായത്ത് അധികൃതർ പറഞ്ഞു.