വന്ദനാദാസ് കേസ്: പരാതി ഹൈക്കോടതി രജിസ്ട്രാർ ജനറൽ പരിശോധിക്കും
1580138
Thursday, July 31, 2025 6:09 AM IST
കൊല്ലം: ഡോ. വന്ദനദാസ് കൊലപാതക കേസിൻ്റെ വിചാരണ തടസപ്പെടുന്നുവെന്ന പരാതി ഹൈക്കോടതി രജിസ്ട്രാർ ജനറൽ പരിശോധിക്കും. പ്രതിഭാഗത്തിനായി ഹാജരായിരുന്ന അഭിഭാഷകൻ ബി.എ.ആളൂർ മരണപ്പെട്ടതോടെ പ്രോസിക്യൂഷൻ സാക്ഷികളുടെ വിചാരണ നിർത്തി വച്ചിരുന്നു.
മറ്റൊരു അഭിഭാഷകനെ ഹാജരാക്കുവാൻ പ്രതി ആവശ്യപ്പെട്ട സമയം അനുവദിക്കുകയും ചെയ്തു. തുടർന്ന് അഡ്വ. പി.ജി.മനു പ്രതിക്കായി ഹാജരായതോടെ വിചാരണ പുനഃരാരംഭിച്ചു. എന്നാൽ മനുവും മരണപ്പെട്ടതോടെ വിചാരണ നടപടി രണ്ടാം വട്ടവും തടസപ്പെട്ടു. പിന്നീട് പല ഹിയറിംഗുകൾക്ക് ശേഷമാണ് മറ്റൊരു അഭിഭാഷകനായ ജോൺ എസ്.റാൽഫ് പ്രതിക്കായി ഹാജരായത്.
തുടർന്ന് പ്രതി ഭാഗത്തന്റെ അഭിപ്രായം കൂടി കേട്ട ശേഷമാണ് പ്രോസിക്യൂഷൻ സാക്ഷികളിൽ ചിലർക്ക് കഴിഞ്ഞ പത്തും പതിനൊന്നും തിയതികളിൽ വിചാരണയ്ക്ക് ഹാജരാകാൻ സമൻസ് പുറപ്പെടുവിച്ചത്. പത്തിന് കേസ് ഹിയറിംഗിന് വരവെ പ്രതിയുടെ അഭിഭാഷകൻ കേസിൽ നിന്നും പിന്മാറിയതായി അറിയിച്ചു. തുടർന്ന് അന്നേ ദിവസത്തെയും അടുത്ത ദിവസത്തെയും വിചാരണ നടപടികൾ സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ച് കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി നിർത്തിവച്ചു.
ഇതോടെ കഴിഞ്ഞ പത്തിന് കോടതിയിൽ എത്തിയ വാദി ഭാഗം സാക്ഷികൾക്ക് മടങ്ങേണ്ടി വന്നു. പ്രതിഭാഗത്തിന്റെ അഭിപ്രായം കൂടി കേട്ട ശേഷം പ്രോസിക്യൂഷൻ സാക്ഷികളെ സമൻസ് നൽകി വരുത്തുന്ന അവസരത്തിൽ പ്രതിഭാഗം അഭിഭാഷകൻ ഹാജരായില്ലെങ്കിൽ സർക്കാർ സാക്ഷികളെ തിരിച്ച് അയയ്ക്കാതെ പ്രോസിക്യൂഷൻ ഭാഗത്തിന്റെ തെളിവ് ശേഖരിക്കുവാനും ഇവരെ പ്രതിഭാഗത്തിന് വിസ്തരിക്കുവാൻ മറ്റൊരു അവസരം അപേക്ഷ സമർപ്പിച്ചാൽ അനുവദിച്ച് നൽകുവാനും നിയമ തടസമില്ലെന്നാണ് ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പിലെ ഡോ. കെ. പ്രതിഭ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്.
പ്രതിഭാഗത്തിന്റെ വീഴ്ചകൾ കാരണം കഴിഞ്ഞ പത്തിന് കോടതിയിൽ എത്തിയ സർക്കാർ സാക്ഷികൾക്ക് മടങ്ങേണ്ടി വന്നു. ഇത് ഗവൺമെന്റിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. പ്രതിഭാഗത്തിന്റെ വീഴ്ചകളുടെ കാരണത്താൽ വിചാരണ നടപടികൾ അനാവശ്യമായി തടസപ്പെടുന്നതും നീളുന്നതും അനുവദിക്കരുതെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. ഡോ. കെ. പ്രതിഭയുടെ പരാതി ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറിയിട്ടുണ്ട്.
പരാതി ഉയർന്ന സാഹചര്യത്തിൽ നിലവിൽ കഴിഞ്ഞ തിങ്കളാഴ്ച വിചാരണ കോടതിയിൽ കേസ് പരിഗണനയ്ക്ക് വരവെ അടുത്ത മാസം ഏഴിന് സാക്ഷി വിസ്താരം പുനഃരാരംഭിക്കാൻ സാക്ഷികൾക്ക് കോടതി സമൻസ് അയച്ചിട്ടുമുണ്ട്.