സിപിഐ ജില്ലാസമ്മേളനത്തിന് ഇന്ന് തുടക്കം
1579980
Wednesday, July 30, 2025 6:30 AM IST
കൊല്ലം: സിപിഐ കൊല്ലം ജില്ലാ സമ്മേളനം ഇന്നു മുതല്‍ ഓഗസ്റ്റ് മൂന്നു വരെ കൊല്ലത്ത് നടക്കും. 430ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിനു ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും പതാക ജാഥ ആരംഭിക്കും. സിപിഐ സംസ്ഥാന എക്സി. അംഗം കെ. ആര്. ചന്ദ്രമോഹനന് ജാഥാ ഉദ്ഘാടനം ചെയ്യും.
കടയ്ക്കല്‍ വിപ്ലവ സ്മാരകത്തില്‍നിന്ന് ആരംഭിക്കുന്ന കൊടിമര ജാഥ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. കോട്ടാത്തല സുരേന്ദ്രന് രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ആരംഭിക്കുന്ന ദീപശിഖാ ജാഥ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആര്. രാജേന്ദ്രനും ഉളിയനാട് രാജേന്ദ്രന് സ്മൃതി കുടീരത്തില്‍നിന്നും ആരംഭിക്കുന്ന ബാനര്‍ ജാഥ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ചിറ്റയം ഗോപകുമാറും ഉദ്ഘാടനം ചെയ്യും.വൈകുന്നേരം 4.30ന് കന്റോണ്‍മെന്റ് മൈതാനിയില്‍ ജാഥകള്‍ സംഗമിക്കും.
തുടര്‍ന്നു മുതിര്‍ന്ന സിപിഐ നേതാവ് എന്‍. അനിരുദ്ധന് പതാകയുയര്‍ത്തും. വൈകിട്ട് അഞ്ചിനു പാര്‍ട്ടി നൂറാം വാര്‍ഷികാഘോഷവും കമ്മ്യൂണിസ്റ്റ് കുടുംബ സംഗമവും കന്റോണ്‍മെന്റ് മൈതാനത്തു നടക്കും.
സിപിഐ ദേശീയ എക്സി. അംഗം അഡ്വ. കെ പ്രകാശ് ബാബു പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ അസി. സെക്രട്ടറി അഡ്വ. സാം കെ ഡാനിയേല്‍ അധ്യക്ഷനാകുന്ന യോഗത്തില്‍ കുടുംബാംഗങ്ങളെ സംസ്ഥാന എക്സി. അംഗം മുല്ലക്കര രത്നാകരന് ആദരിക്കും. തുടര്‍ന്നു രാത്രി ഏഴിന് കെപിഎസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകം അരങ്ങേറും.
നാളെ വൈകുന്നേരം മൂന്നിനു കന്റോണ്‍മെന്റ് മൈതാനിയില്‍ റെഡ് വോളണ്ടിയര്‍ മാര്‍ച്ചും പൊതുസമ്മേളനവും നടക്കും. ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും. പി.എസ്. സുപാല്‍ എംഎല്‍എ അധ്യക്ഷനാകും.