റോഡ് തകർന്നു; കാൽനട യാത്രപോലും ദുരിതത്തിൽ
1580171
Thursday, July 31, 2025 6:26 AM IST
കൊട്ടാരക്കര: കോട്ടാത്തല, മൂഴിക്കോട്, പൊങ്ങൻപാറ റോഡ് തകർന്നു. കാൽനട യാത്രയ്ക്ക് പോലും ബുദ്ധിമുട്ടാകുന്ന തരത്തിൽ റോഡ് തകർന്നതോടെ നാട്ടുകാർ പ്രതിഷേധത്തിലാണ്. റോഡിന്റെ പല ഭാഗങ്ങളിലും വലിയ കുഴികളാണ് രൂപാന്തരപ്പെട്ടിരിക്കുന്നത്. ഇതിൽ മഴവെള്ളം കെട്ടിനിന്ന് ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽ പ്പെടുന്നത് പതിവാണ്.
റോഡിന്റെ ഇരുവശവും കാട്മൂടി കിടക്കുന്നത് വൃത്തിയാക്കാൻ പോലും അധികൃതർ തയാറാകുന്നില്ല. ഇഴ ജന്തുക്കളുടെ ശല്യവും ഏറുന്നതായും പരാതിയുണ്ട്. കാട്ടുപന്നികളുടെ ശല്യവും കൂടി വരികയാണ്.
അമിതഭാരം കയറ്റിയ വാഹനങ്ങളാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. പൊങ്ങൻപാറ ഭാഗത്തായി പാറക്വാറിയും ക്രഷർ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നുമുള്ള അമിത ഭാരം കയറ്റിയ വാഹനങ്ങൾ റോഡിന്റെ പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണമാണ്. മുൻപ് റോഡ് നവീകരിച്ചപ്പോഴൊക്കെ ഇത് നാട്ടുകാർ അധികൃതരോട് ചൂണ്ടിക്കാട്ടിയിരുന്നു റോഡ് തകർന്നതോടെ നാടിന്റെ യാത്രാ ക്ലേശവും കൂടി.
നേരത്തെ ഇത് വഴി കെ എസ് ആർ ടി സി സർവീസ് നടത്തിയിരുന്നു .ഇപ്പോൾ റോഡിന്റെ ദയനീയവസ്ഥ കാരണം അതും നിർത്തി. സ്കൂൾബസുകളുംമറ്റും കടന്നുപോകാൻ പെടാപ്പാടാണ്. റോഡിന്റെ അവസ്ഥക്ക് പരിഹാരം കാണണമെന്നും, ചെറിയ റോഡിലൂടെയുള്ള അമിത ഭാരം കയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണം വേണമെന്നും, ആവശ്യപ്പെട്ട് ചാവർ മഹാദേവസമിതി പ്രതിഷേധ പരിപാടികൾക്ക് രൂപം കൊടുത്തിട്ടുണ്ട്.
മന്ത്രി കെ .എൻ .ബാലഗോപാലിനും ജില്ലാ പഞ്ചായത്ത് അധികാരികൾക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.