ക്ഷേത്രത്തിലെ 20 പവൻ മോഷ്ടിച്ച പൂജാരി റിമാൻഡിൽ
1579977
Wednesday, July 30, 2025 6:30 AM IST
പരവൂർ: ക്ഷേത്രത്തിലെ 20 പവനോളം തുക്കം വരുന്ന സ്വർണക്കിരീടങ്ങൾ മോഷ്ടിച്ച പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പാരിപ്പള്ളി കിഴക്കനേല പുതിയിടത്ത് ഇല്ലത്തിൽ ഈശ്വരൻ നമ്പൂതിരി ( 42 ) ആണ് പിടിയിലായത്. പരവൂർ പെരുമ്പുഴ യക്ഷിക്കാവിലെ വിഗ്രഹങ്ങളിൽ ചാർത്തിയിരുന്ന ഇരുപത് പവനോളം വരുന്ന അഞ്ച് കിരീടങ്ങളാണ് മോഷ്ടിച്ചത്.
ദിവസങ്ങൾക്ക് മുൻപ് നിലവിലെ ഭരണ സമിതി സ്ഥാനം ഒഴിഞ്ഞ് പുതിയ ഭരണസമിതി സ്ഥാനം ഏറ്റെടുത്തിരുന്നു. പുതിയ ഭാരവാഹികൾ സ്ഥാവര ജംഗമ വസ്തുക്ക ളുടെ കണക്കെടുപ്പ് നടത്തിയപ്പോൾ കാണിച്ച കിരീടങ്ങൾ സ്വർണമാണോയെന്ന് ചില അംഗങ്ങൾക്ക് സംശയമുണ്ടായി.
ഇക്കാര്യത്തിൽ മേൽശാന്തി പരസ്പര വിരുദ്ധമായ മറുപടി നൽകിയതോടെയാണ് ഭാരവാഹികൾ പോലീസിൽ പരാതി നൽകുന്നത്.
പോലീസെത്തി പരിശോധന നടത്തുകയും ഈശ്വരൻ നമ്പൂതിരിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
കിരീടങ്ങൾ പല തവണയായി മുറിച്ച് ഇവിടെ നിന്നും കടത്തിയെന്നും പാരിപ്പള്ളി,കല്ലമ്പലം, കൊട്ടിയം തുടങ്ങിയ സ്ഥലങ്ങളിലെ ജ്വല്ലറികളിൽ വിറ്റതായും പ്രതി സമ്മതിച്ചു. തെളിവെടുപ്പുകൾക്കും ആരോഗ്യ പരിശോധനകൾക്കും ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.