തിരുമുക്കിലെ പാലമരം മുറിച്ചു മാറ്റി
1579702
Tuesday, July 29, 2025 7:08 AM IST
ചാത്തന്നൂർ: പരവൂർ - ചാത്തന്നൂർ റോഡിൽ തിരുമുക്കിലെ വലിയ പാലമരം മുറിച്ചുമാറ്റി. യാത്രക്കാർക്ക് തണലേകിയിരുന്ന വലിയ മരം ഓർമയായി. മരത്തിൽ വൈദ്യുത ലൈനുകൾ ഉരഞ്ഞ് എപ്പോഴും കമ്പികൾ പൊട്ടിവീഴുമെന്ന അവസ്ഥയിലായിരുന്നു.
വിദ്യാർഥികളും യാത്രക്കാരും ബസ് കാത്ത് നിൽക്കുന്നത് ഈ തണൽ മരച്ചുവട്ടിലായിരുന്നു. വൈദ്യുത കമ്പികൾ ഉരഞ്ഞ് മരത്തിലൂടെ വൈദ്യുതി പ്രസരിച്ച് അപകട സാധ്യതകളും നിലനിന്നിരുന്നു.
മരത്തിൽ ചാരി നിൽക്കുന്നവർക്ക് ഷോക്കേറ്റും മരത്തിൽ ഉരഞ്ഞ് കമ്പികൾ പൊട്ടി താഴെ വീണും ദുരന്തം സംഭവിക്കാനുള്ള സാധ്യതകൾ ഏറെയായിരുന്നു. റോഡിന്റെ അവകാശികളായ മരാമത്ത് വകുപ്പോ വൈദ്യുത ബോർഡോ പഞ്ചായത്തോ ഇത് കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോവുകയായിരുന്നു.
ദുരന്ത സാധ്യതകൾ ചൂണ്ടിക്കാട്ടി ദീപിക കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് പൊതുമരാമത്ത് വകുപ്പാണ് വലിയ പാലമരം മുറിച്ചു മാറ്റിയത്. തണൽ നഷ്ടപ്പെട്ടെങ്കിലും ദുരന്തം സംഭവിക്കാതെ രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസമാണ് തിരുമുക്കിലെ ഓട്ടോറിക്ഷ തൊഴിലാളികൾ പ്രകടിപ്പിച്ചത്. തണൽ മരത്തിന്റെ ഓർമയായി മുറിച്ചു മാറ്റിയ ശേഷമുള്ള മരക്കുറ്റി അവിടെ ശേഷിക്കുന്നു.