മത്സ്യ തൊഴിലാളികൾക്ക് കൊടുത്ത വാക്കുകൾ പാഴായി; മെറ്റൽ കൂനകൾ സാക്ഷി
1580141
Thursday, July 31, 2025 6:09 AM IST
കൊല്ലം : രാത്രി ഹാർബർ തുറക്കുമ്പോൾ സർക്കാർ മത്സ്യ തൊഴിലാളികൾക്ക് നൽകിയ വാക്കുകളെല്ലാം പാഴ് വാക്കുകൾ ആവുകയാണ്. ട്രോളിംഗ് നിരോധനം തീരുന്നതിന്റെ മുമ്പ് ഹാർബറിലെ വർക്കുകളും റോഡ് പണിയും തീർക്കുമെന്ന് നൽകിയിരുന്ന ഉറപ്പാണ് വെറും പാഴ് വാക്കായിരിക്കുന്നത്.
ഹാർബർ എല്ലാം പൊളിച്ചിട്ടതല്ലാതെ ഒരു പണിയും പൂർത്തിയാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. റോഡ് പണിയുടെ കാര്യത്തിൽ ഇന്നലെ വരെ ഒന്നും ചെയ്യാതിരുന്ന അധികൃതർ ട്രോളിംഗ് പുനഃരാരംഭിക്കേണ്ടതിന്റെ തലേന്ന് റോഡിൽ യാത്ര തടസം ഉണ്ടാക്കും വിധം മെറ്റൽ ഇറക്കുകയാണ് ചെയ്തിരിക്കുന്നത്.
ഈ മെറ്റൽ രാത്രിയും ഇന്നു പകലുമായി റോഡിലാകെ നിരത്താനാണ് തീരുമാനം. ടാറിംഗ് ഉടനെ ഒന്നും ഇല്ല. ലോറികൾ ഉൾപ്പടെ ഉള്ള വാഹനങ്ങൾ ട്രോളിംഗ് നിരോധനം തീരുന്നതോടെ ഹാർബറിലേക്ക് റോഡിലൂടെ എത്തുകയും മഴയും കൂടിയാവുമ്പോൾ ഹാർബർ റോഡ് എന്നത് ചെളിക്കുളമാകും.
വഴിയാത്രക്കാരും സമീപത്തുള്ള രണ്ടു സ്കൂളുകളിലെ വിദ്യാർഥികളും മൽസ്യ തൊഴിലാളികളും ആണ് ഇതിന്റെ ദുരിതം പേറാനിരിക്കുന്നത്. നിരവധി പേരാണ് മൽസ്യ തൊഴിലാളികളെ കൂടാതെ ഹാർബർ റോഡിനെ ആശ്രയിച്ചു വന്നിരുന്നത്.
സെന്റ്ജോസഫ് ഹൈസ്കൂൾ, സെന്റ്് ലിയോൺസ് സ്കൂൾ വിദ്യാർഥികളുടെ ഏക ആശ്രയമാണ് ഈ റോഡ്. വിദേശത്ത് നിന്നെത്തുന്ന ടുറിസ്റ്റുകൾ ഒഴുക്ക് തോട് വഴി തങ്കശേരിക്ക് പോകാൻ ആശ്രയിക്കുന്ന റോഡ് കൂടിയാണ് വാഗ്ദാന ലംഘനത്തിന്റെ നേർ സാക്ഷിയായി നീണ്ടകരയിൽ മാറിയിരിക്കുന്നത്.