കടലിൽ കിടക്കുന്ന കണ്ടയ്നറുകൾ നീക്കം ചെയ്യണം
1580166
Thursday, July 31, 2025 6:20 AM IST
കൊല്ലം : ട്രോളിംഗ് നിരോധനം അവസാനിക്കുന്നതോടെ സുഗമമായ മത്സ്യബന്ധനത്തിനായി കടലിൽ കിടക്കുന്ന കണ്ടയ്നറുകൾകണ്ടെത്തി അടിയന്തിരമായി നീക്കം ചെയ്യണമെന്നും നീണ്ടകര - അഴീക്കൽ ഹാർബറുകളിലെ അഴിമുഖം ഡ്രഡ്ജിംഗ് നടത്തണമെന്നുംഅഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ആവശ്യപ്പെട്ടു.
കടലിൽ കിടക്കുന്ന കണ്ടയ്നറുകൾ ബോട്ടുകൾക്കും, പരമ്പരാഗത യാനങ്ങൾക്കും സുഗമമായി മത്സ്യബന്ധനം നടത്താൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. കണ്ടയ്നറുകൾ കണ്ടെത്തി അടിയന്തിരമായി നീക്കം ചെയ്യണം.
ട്രോളിംഗ് നിരോധനം തുടങ്ങി 52 ദിവസം പൂർത്തിയായിട്ടും ലേല ഹാളുകളുടെ അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നടപടി ഉണ്ടായില്ല. ഹാർബർ എൻജിനീയർ വിഭാഗം ഇക്കാര്യത്തിൽ കാണിച്ച അനാസ്ഥക്ക് പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ നീണ്ടകര - അഴീക്കൽ ഹാർബറുകളിൽ ഉപരോധം തീർക്കുമെന്ന് ഇത് സംബന്ധിച്ച് നടന്ന അടിയന്തിര നേതൃയോഗത്തിന് ശേഷം മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാക്കളായ എസ്. എഫ്. യേശുദാസനും സെക്രട്ടറി ജി. ലീലാകൃഷ്ണനും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാന ഭാരവാഹികളായ രാജ പ്രീയൻ, എൻ.മരിയാൻ, രവിദാസ്, എ.സി.ജോസ്, സുഭഗൻ, കൃഷ്ണദാസ്, ഹാർബർ ഐ എൻ ടി യു സി പ്രസിഡന്റ് സുനിൽ കൈലാസം, ഗിരീഷ് ശങ്കരൻ, കെ. ബി. പ്രസന്നൻ, ഹനിദാസ്, സതീശൻ എന്നിവർ പ്രസംഗിച്ചു.