രാസലഹരി കൈവശം വച്ച കേസ്: പ്രതികൾക്ക് കഠിന തടവ്
1579979
Wednesday, July 30, 2025 6:30 AM IST
കൊല്ലം: രാസലഹരിയായ മെത്താംഫെറ്റാമൈൻ കൈവശം വച്ച് വിൽപനയ്ക്കായി സൂക്ഷിച്ച കേസിൽ രണ്ട് പ്രതികൾക്ക് അഞ്ച് വർഷം വീതം കഠിന തടവിനും 25,000 രൂപ വീതം പിഴയൊടുക്കാനും ശിക്ഷ. പിഴയൊടുക്കാത്തപക്ഷം അഞ്ച് മാസം കൂടി അധിക തടവ് അനുഭവിക്കണം.
പന്മന ചോലയിൽ വാടകയ്ക്ക് താമസിച്ചുവന്ന കരുനാഗപ്പള്ളി സ്വദേശി അകേഷ് കുമാർ (അപ്പു, 25), മൈനാഗപ്പള്ളി കടപ്പാ സ്വദേശി ഷാജഹാൻ (26) എന്നിവരെയാണ് കൊല്ലം രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജ് എസ്. ശ്രീരാജ് ശിക്ഷിച്ചത്.2022 മെയ് 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ശാസ്താംകോട്ട ടൈറ്റാനിയം റോഡിൽ മുഖംമൂടി ജംഗ്ഷനിൽ നിന്ന് പെരുമന കുളത്തിലേക്ക് തിരിയുന്ന സ്ഥലത്തുകൂടി പട്രോൾ ചെയ്യുകയായിരുന്ന എക്സൈസ് സംഘത്തെ കണ്ട് പരിഭ്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ 3.55 ഗ്രാം രാസലഹരി കണ്ടെത്തുകയായിരുന്നു.
സ്കൂളിൽ ഒരുമിച്ച് പഠിച്ച പ്രതികൾ പഠനശേഷം ലഹരി ഉപയോഗിച്ച് തുടങ്ങുകയും തുടർന്ന് അത് വില്പന നടത്തുകയുമായിരുന്നു.
രണ്ടാം പ്രതി അകേഷ് കുമാർ സംഭവം നടന്ന സമയത്ത് എൻജിനിയറിംഗ് വിദ്യാർഥിയായിരുന്നു.കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. പ്രസന്ന െ ന്റ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ ബി. സന്തോഷ്, കിഷോർ, സുധീർ ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ശിവപ്രസാദാണ് അന്വേഷണം നടത്തി പ്രതികൾക്കെതിരേ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് ഹാജരായി.