റവന്യു ഭൂമിയിൽ നിന്ന ലക്ഷക്കണക്കിന് രൂപ വില വരുന്ന മരങ്ങൾ മുറിച്ചു കടത്തി
1580159
Thursday, July 31, 2025 6:20 AM IST
പട്ടാഴി : സ്വകാര്യവ്യക്തി റവന്യുഭൂമിയിൽ നിന്ന തേക്കുമരങ്ങൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് രൂപ വിലവരുന്ന മരങ്ങൾ മുറിച്ചു കടത്തി.പ്രതിഷേധം വ്യാപകമാകുന്നു. കാട്ടാമല കുളപ്പാറ ഭാഗത്താണ് സംഭവം. പാറ ഖനനവുമായി ബന്ധപ്പെട്ട് വിവാദമായ സ്ഥലത്തു നിന്നാണ് മരങ്ങൾ മുറിച്ചു കടത്തിയിട്ടുള്ളത്.
മാസങ്ങളായി ഇവിടെ നിന്ന് മരങ്ങൾ മുറിയ്ക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. സ്വകാര്യവ്യക്തി തന്റെപുരയിടത്തിൽ നിന്ന മരങ്ങൾ മുറിച്ചു മാറ്റിയതോടൊപ്പം റവന്യു ഭൂമിയിലെ മരങ്ങളും കടത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു. റവന്യു അധികൃതർ ഇക്കാര്യം തുടക്കത്തിൽ അറിഞ്ഞിട്ടും മൗനം പാലിച്ചതായാണ് ആക്ഷേപം ഉയരുന്നത്.
മുറിച്ചു മാറ്റിയ വൻമരങ്ങളുടെ കുറ്റികൾ മണ്ണിട്ട് മൂടിയിട്ടുണ്ട്. സംഭവം അറിഞ്ഞതോടെ പ്രതിഷേധവുമായി രാഷ്ട്രീയപാർട്ടികൾ രംഗത്തു വന്നു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്. എന്നാൽ ഈ സംഭവം അധികൃതർ നേരത്തെ അറിഞ്ഞതാണെന്നും യാതൊരു നടപടിയും സ്വീകരിക്കാതെ മൗനം പാലിയ്ക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.