പുനലൂർ ഇരട്ടക്കൊലപാതകം; പ്രതിക്ക് ഇരട്ടജീവപര്യന്തം
1579976
Wednesday, July 30, 2025 6:30 AM IST
കൊല്ലം: പുനലൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു പിന്നില്‍ വെട്ടിപ്പുഴ പാലത്തിനുതാഴെ സ്ത്രീയേയും പുരുഷനേയും കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയ പ്രതിയ്ക്കു ഇരട്ട ജീവപര്യന്തവും ഓരോ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധി.
തോടുപുറമ്പോക്കില്‍ കുടിലില്‍ താമസിച്ചിരുന്ന ഇന്ദിരയേയും (56) പത്തനാപുരം സ്വദേശി മൊഴയന്‍ ബാബു(60)വിനെയുമാണ് തമിഴ്നാട് തെങ്കാശി സ്വദേശി ശങ്കര്‍ (38 വയസ് ) കൊലപ്പെടുത്തിയത്. കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി. എന്‍. വിനോദാണ് ശിക്ഷിച്ചത്.
ഓരോ കൊലയ്ക്കും പ്രത്യേക ജീവപര്യന്തം തടവു ശിക്ഷിച്ചിട്ടുണ്ടെങ്കിലും രണ്ടു ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പൂയപ്പള്ളിയില്‍ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ 2023 ഏപ്രില്‍ 18ന് ജാമൃത്തിലിറങ്ങിയ പ്രതിയാണ് അന്നേദിവസം വീണ്ടും ഇരട്ടക്കൊലപാതകം നടത്തിയത്. ഇതൊരു അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കാനാവില്ലാത്തിനാല് വധശിക്ഷ വിധിക്കുന്നില്ലെന്നു വിധിയില്‍ പരാമര്‍ശമുണ്ട്.
തെങ്കാശി സ്വദേശിയായ ശങ്കര്‍ വര്‍ഷങ്ങളായി പുനലൂരില്‍ താമസിച്ചു വരികയായിരുന്നു.സംഭവത്തിനു രണ്ടുവര്‍ഷംമുമ്പു 2021-ല്‍ പൂയപ്പള്ളി മരുതമണ്‍പള്ളി സ്വദേശിനി ശാന്തയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ തടവുകാരനായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി കൊലപാതകദിവസം ജാമ്യത്തിലിറങ്ങി പുനലൂരിലേക്ക് വരികയായിരുന്നു. മുന്‍പരിചയമുള്ള ഇന്ദിരയുടെ കുടിലിലേക്ക് എത്തിയ പ്രതി, കുടിലുണ്ടായിരുന്ന ബിജുകുമാറുമായി മദ്യപിച്ചു.
മദ്യപാനത്തിനിടെ പ്രതി ഇന്ദിരയെ കടന്നു പിടിച്ചു. ചോദ്യം ചെയ്ത ബിജുകുമാറിനെ കടന്നാക്രമിച്ചു.ഇന്ദിരയെ മര്‍ദിച്ച് അമ്മിക്കല്ല് തലയിലേക്ക് ഇട്ടുകൊന്നു. തടസം പിടിക്കാന്‍ ശ്രമിച്ച ബാബുവിനെ ഇന്റര്‍ലോക്ക് ടൈല്‍ കൊണ്ടു തലയില്‍ അടിച്ചുകൊന്നു. ഇരുവരുടെയും മരണം ഉറപ്പാക്കിയശേഷം കടന്നു കളഞ്ഞു.
സംഭവം സമയം കുടിലില്‍ ഉണ്ടായിരുന്നതും സംഭവത്തില്‍ പരിക്കേറ്റതുമായ ബിജുകുമാറി െന്റ മൊഴിയും കുറ്റകൃത്യത്തിനുശേഷം പ്രതി, രഘുവെന്ന സാക്ഷിയോട് നടത്തിയ കുറ്റസമ്മതവും സിസിടിവി ദൃശ്യവും നിര്‍ണായകമായി.
പുനലൂര്‍ പോലീസ് സ്റ്റേഷന് എച്ച്ഒയായിരുന്ന ടി. രാജേഷ് കുമാര്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ.സിസിന്. ജി.മുണ്ടയ്ക്കല്‍ ഹാജരായി.