ഹൈക്കോടതിയുടെ സുപ്രധാന വിധി : അഷ്ടമുടി വെറ്റ്ലാൻഡ് മാനേജ്മെന്റ് യൂണിറ്റ് രണ്ടു മാസത്തിനകം രൂപീകരിക്കണം
1580163
Thursday, July 31, 2025 6:20 AM IST
കൊല്ലം: അഷ്ടമുടി കായല്‍ സംരക്ഷണത്തിനായി രണ്ടു മാസത്തിനകം അഷ്ടമുടി വെറ്റ് ലാന്‍ഡ് മാനേജ്മെന്റ് യൂണിറ്റ് രൂപീകരിക്കണമെന്നു ഹൈക്കോടതി.ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ബെഞ്ച് സുപ്രധാന നിര്ദ്ദേശങ്ങളടക്കമാണ് അഷ്ടമുടി കായലിന്റെ സംരക്ഷണത്തിനായി ഒരു പ്രത്യേക യൂണിറ്റ് രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന തണ്ണീര്‍ത്തട അഥോറിറ്റിക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഈ യൂണിറ്റ് അഷ്ടമുടി തണ്ണീര്‍ത്തട മാനേജ്മെന്റ് യൂണിറ്റ് എന്ന് അറിയപ്പെടുമെന്നും കോടതി പറഞ്ഞിട്ടുണ്ട്. മാലിന്യം തള്ളുന്നതും അനധികൃത കൈയേറ്റങ്ങളും മൂലം ആഷ്ടമുടി കായലില്‍ ഗുരുതരമായ ജലമലിനീകരണവും കണ്ടല്‍ക്കാടുകളുടെ നാശവും സംഭവിക്കുന്നതിനെതിരെ കൊല്ലം ബാര്‍ അസോസിയേഷന് മുന്‍ പ്രസിഡന്റ് അഡ്വ. ബോറിസ് പോള്‍ സമര്‍പ്പിച്ച ഹര്ജിയിന്മേലാണ് കോടതിയുടെ ഉത്തരവ്. കേസില്‍ ഹെല്പ് ഫൗണ്ടേഷന് സിഇഒ പ്രദീപ് പീറ്റര്‍ കക്ഷി ചേക്കുകയായിരുന്നു.
അഷ്ടമുടി കായലില്‍നിന്നു മാലിന്യം നീക്കം ചെയ്യാനും അതിന്റെ സ്വാഭാവിക അതിരുകള്‍ പുനഃസ്ഥാപിക്കാനുംഅനധികൃത കൈയേറ്റങ്ങള്‍ നീക്കം ചെയ്യാനും ദീര്‍ഘകാല സംരക്ഷണം ഉറപ്പാക്കാന്‍ അധികാരികളില്‍നിന്നു തുടര്‍ച്ചയായ നിരീക്ഷണത്തിനായി ഒരു സ്വതന്ത്ര നിരീക്ഷണ സമിതിയെ നിയമികാണാമെന്നും ഹര്ജിക്കാരന് ആവശ്യം ഉന്നയിച്ചിരുന്നു.
അഷ്ടമുടിക്കായലിന്റെ സംരക്ഷണ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന തണ്ണീര്‍ത്തട അഥോറിറ്റിക്കും സുപ്രധാനനിര്ദ്ദേശങ്ങളാണു ഹൈക്കോടതി നല്‍കിയിട്ടുള്ളത്. യൂണിറ്റിന്റെപ്രവര്ത്തനങ്ങള്ക്കായി ആവശ്യമായ ഓഫീസ് അടിസ്ഥാന സൗകര്യങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫ്, മതിയായ ഫണ്ടിംഗ് എന്നിവ നല്കാന് സംസ്ഥാന സര്‍ക്കാരിനു കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തണ്ണീര്ത്തടത്തിനായുള്ള ഒരു സമഗ്ര മാനേജ്മെന്റ് പ്ലാന്‍ വിധി പുറപ്പെടുവിച്ച തീയതി മുതല്‍ ആറ് മാസത്തിനുള്ളില്‍ അന്തിമാക്കണമെന്നും കോടതി പറയുന്നു.
കഴിഞ്ഞ വര്‍ഷം, അഷ്ടമുടി കായലിനും പരിസരത്തുനിന്നും അനധികൃത കൈയേറ്റങ്ങള്‍ നീക്കം ചെയ്യാന്‍ നടപടിയെടുക്കാന്‍ കൊല്ലം സബ് കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എണ്പതു ശതമാനം കൈയേറ്റങ്ങള്‍ അടയാളപ്പെടുത്തി ഒഴിപ്പിച്ചെന്നാണ് സബ് കളക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ഒരു മാസം മുമ്പ്,അഷ്ടമുടി തണ്ണീര്‍ത്തടത്തിന്റെ സംരക്ഷണത്തിനായി ഒരു അഷ്ടമുടി പ്രാദേശിക തണ്ണീര്‍ത്തട അഥോറിറ്റി -ഉപസമിതി രൂപീകരിക്കാനുംകോടതിസര്ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഹര്ജികക്ഷികള്ക്കു വേണ്ടി അഭിഭാഷകരായഅജ്മല്.എ.കരുനാഗപ്പള്ളി,സി.എ.ധനുഷ്, എം.ആര്.പ്രിയങ്ക ശര്‍മ, എം.ജി. അനന്യ എന്നിവര്‍ കോടതിയില്‍ ഹാജരായി.