കന്യാസ്ത്രീമാരുടെ അറസ്റ്റ് : കൊല്ലം രൂപത പ്രതിഷേധറാലി ഓഗസ്റ്റ് മൂന്നിന്
1580134
Thursday, July 31, 2025 6:09 AM IST
കൊല്ലം: ഛത്തീസ്ഗഡില്‍ ക്രൈസ്തവസന്യാസിനികളെ അകാരണമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു കെആര്‍എല്‍സിബിസി റിലീജിയസ് കമ്മീഷന്റെയും കൊല്ലം രൂപതയുടെയും നേതൃത്വത്തില്‍ കൊല്ലത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് മൂന്നിനു ഉച്ചകഴിഞ്ഞ് 3.30 ന് കൊല്ലം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിനു സമീപത്തു നിന്നും പ്രതിഷേധ റാലി ആരംഭിച്ചു ചിന്നക്കടയില്‍ പ്രതിഷേധ സമ്മേളനം നടത്തുമെന്ന് കൊല്ലം രൂപതാ അല്മായ നേതൃത്വം അറിയിച്ചു.
കൊല്ലം രൂപതാധ്യക്ഷന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരി, മോണ്‍. ബൈജു ജൂലിയന്‍,കെആര്‍എല്‍സിബിസി സെക്രട്ടറി ജനറല്‍ ഫാ. ജിജു അറക്കത്തറ റിലിജിയസ് കമ്മീഷന് സെക്രട്ടറി ഫാ. മേരി ദാസന് ഒസിഡി എന്നിവര്‍ പ്രസംഗിക്കും. രൂപതയിലെ സന്യസ്തര്‍, വൈദികര്‍, അല്മായര് തുടങ്ങിയവര്‍ പങ്കെടുക്കും.
ഭാരതത്തിലെ ക്രൈസ്തവ സന്യാസി സന്യാസിനിമാര്‍ രാഷ്ട്രനിര്മതിയിലും പുരോഗതിയിലും പ്രത്യേകിച്ചു വിദ്യാഭ്യാസ ആതുര ശുശ്രൂഷ രംഗത്ത് നല്‍കിയിട്ടുള്ള സംഭാവനകള്‍ വലുതാണെന്നു യോഗം വിലയിരുത്തി.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും പട്ടിണി അകറ്റുന്നതിനും വിദ്യാസമ്പന്നരാക്കുന്നതിലും ഇന്നും അവര്‍ പ്രതിജ്ഞാബദ്ധരാണെന്നു യോഗം വിലയിരുത്തി. അകാരണമായി അറസ്റ്റ് ചെയ്യപ്പെട്ട സന്യാസിമാരെ നിരുപാധികം വിട്ടയക്കണമെന്നും ഇന്ത്യയില്‍ ഭരണഘടന ഉറപ്പ് നല്കുന്ന മതസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്ന സംഘപരിവാര്‍ ശക്തികളുടെ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും പൗരസ്വാതന്ത്ര്യവും ജനാധിപത്യവും രാജ്യത്തു പുലരുന്നുവെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
വടക്കേ ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ഹൈന്ദവ തീവ്രവാദം ന്യൂനപക്ഷ സമുദായങ്ങള്‍ക്കു ഭീഷണി സൃഷ്ടിക്കുന്നത് ഏറെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നും യോഗം നിരീക്ഷിച്ചു. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യം വച്ചു മിത്രങ്ങള്‍ ആണെന്നു നടിച്ച് എക്കാലവും മനുഷ്യരെ പറ്റിക്കാം എന്ന് ആരും മോഹിക്കേണ്ടതില്ലെന്നും യോഗം ഓര്‍മിപ്പിച്ചു.
കൊല്ലം രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോളി എബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ രൂപത പിആര്‍ഒ ഫാ. രാജേഷ് മാര്ട്ടിന് , ഫാ. ജോസ് സെബാസ്റ്റ്യന്‍, ഫാ.ജോര്‍ജ് സെബാസ്റ്റ്യന്‍, ഫാ. ജോ അലക്സ്, അനില്‍ ജോണ്‍ ഫ്രാന്‍സിസ്, ലെസ്റ്റര്‍ കാര്‍ഡോസ്, മില്ട്ടന്, ജേക്കബ് മുണ്ടപ്പുളം, സാജു കുരിശിങ്കല്‍, അഡ്വ. ഇ.എമേഴ്സണ്‍, ബെയ്സില്‍ നെറ്റാര്‍, ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ്, വിന്‍സി ബൈജു, ജാക്സണ് ഫ്രാന്‍സിസ്, ജോജ് എഫ് സേവ്യര്‍, വല്‍സല ജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കന്യാസ്ത്രീമാരെ നിരുപാധികം വിട്ടയ്ക്കണം:കെസിബിസി മദ്യവിരുദ്ധ സമിതി
കൊല്ലം: മതപരിവര്‍ത്തനവും മനുഷ്യ കടത്തും ആരോപിച്ച് മലയാളികളായ കന്യാസ്ത്രീമാരെ ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച നടപടിയില്‍ കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപത കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സാമൂഹ്യ സേവനത്തിനും രാഷ്ട്ര നിര്‍മാണത്തിലും നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സമര്‍പ്പിതരെ മതത്തിന്റെപേരില്‍ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയരാക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണ്. ഭാരതം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ മതേതര മൂല്യങ്ങളും ജനാധിപത്യവും ബോധപൂര്‍വം തകര്‍ക്കാന്‍ ശ്രമിക്കുന്ന തീവ്രവാദ സംഘടനകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.
നിരപരാധികളായ കന്യാസ്ത്രീമാരെ മോചിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കന്യാസ്ത്രീമാരെ അന്യായമായി അറസ്റ്റില്‍ പ്രതിഷേധിച്ചു കൊല്ലം രൂപത ഓഗസ്റ്റ് മൂന്നിനു നടത്തുന്ന പ്രതിഷേധ റാലിക്ക് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
പ്രസിഡന്റ് യോഹന്നാന് ആന്റണി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. മില്‍ട്ടണ്‍ ജോര്‍ജ് , ജനറല്‍ സെക്രട്ടറി എ.ജെ. ഡിക്രൂസ്, എം .എഫ്. ബര്ഗ്ലീന്, അഡ്വ.ഇ.എമേഴ്സണ്‍, ബിനു മൂതാക്കര, മേഴ്സി യേശുദാസ്, തോപ്പില്‍ സെബാസ്റ്റ്യന്‍, സന്തോഷ് സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.