ട്രോളിംഗ് നിരോധനം ഇന്ന് നീങ്ങും; ബോട്ടുകൾ അർധരാത്രിമുതൽ കടലിലേക്ക്
1580165
Thursday, July 31, 2025 6:20 AM IST
വർഗീസ് എം.കൊച്ചുപറമ്പിൽ
ചവറ : സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ട്രോളിംഗ് നിരോധനം നീങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് അര്‍ധരാത്രി മുതല്‍ ബോട്ടുകൾ കടലിലിറങ്ങും. രാത്രി 12 ന് നീണ്ടകര പാലത്തിന്റെ തൂണുകളിൽ ബന്ധിപ്പിച്ചിട്ടുള്ള ചങ്ങലയുടെ പൂട്ട് തുറന്ന് വിസിൽ മുഴങ്ങുന്നതോടെ ട്രോളിംഗ് നിരോധനം അവസാനിച്ച് ബോട്ടുകൾ മത്സ്യബന്ധനത്തിനായി പുറപ്പെടും.
1350 ൽപ്പരം ബോട്ടുകൾ നീണ്ടകര, ശക്തികുളങ്ങര ഹാർബറുകൾ കേന്ദ്രീകരിച്ചുണ്ട്.ഭൂരിഭാഗം ബോട്ടുകളും ഇന്ന് കടലിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു.
ഹാര്‍ബറുകളിലും മറ്റ് യാഡുകളിലും കിടക്കുന്ന ബോട്ടുകളില്‍ ഐസ്, വെള്ളം, വല ,റോപ്പ് ,മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ കയറ്റുന്ന ജോലികള്‍ കഴിഞ്ഞ ദിവസങ്ങളിലായി പൂർത്തീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ആന്ധ്രാ , തെലുങ്കാന ,പശ്ചിമ ബംഗാൾ ,തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികള്‍ ഹാർബറുകളിൽ എത്തി.
1988-ലാണ് കേരളത്തില്‍ വര്‍ഷകാല ട്രോളിംഗ് നിരോധനം തുടങ്ങിയത്. നിരോധന കാലം ഇക്കുറിയും ശാന്തമായിരുന്നു. കാലവര്‍ഷക്കാലത്ത് വന്‍തോതില്‍ ലഭിക്കുന്ന ഉപരിതല മത്സ്യങ്ങളും ഇക്കുറി കാര്യമായി ലഭ്യമായില്ല. ഏറെ പ്രതിസന്ധിയിലൂടെയാണ് മത്സ്യമേഖല കടന്നുപോകുന്നതെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു. ഏറെ പ്രതീക്ഷയോടെ ബോട്ടുകള്‍ കടലിലിറങ്ങുന്നതോടെ ഹാർബറുകളിൽ ഇനി ആരവത്തിന്റെ ദിനങ്ങളാണ്.