ചരിത്രനിയോഗത്തിനു സാക്ഷ്യമേകി അടൂർ
1593086
Saturday, September 20, 2025 3:41 AM IST
വിശ്വാസസംഗമവേദികളായി പുനരൈക്യ വാർഷികം
അടൂർ: മലങ്കര കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ സുപ്രധാന പ്രഖ്യാപനങ്ങളിലൊന്നിന് സാക്ഷ്യമേകാൻ ഇന്നലെ അടൂർ ഓൾ സെയ്ന്റ്സ് പബ്ലിക് സ്കൂളിലെ മാർ ഈവാനിയോസ് നഗറിനായി.
സഭയിലേക്കു രണ്ടു പുതിയ മെത്രാൻമാരെ പ്രഖ്യാപിക്കുന്ന ശ്രേഷ്ഠമായ ശുശ്രൂഷയാണ് അടൂരിലെ മണ്ണിൽ നടന്നത്. സഭയുടെ യൂറോപ്പ് മേഖലയുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി മോൺ.ഡോ. കുര്യാക്കോസ് തടത്തിലിനെയും തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാനായി മോൺ. ഡോ. ജോൺ കുറ്റിയിലിനെയും പ്രഖ്യാപിച്ചത് അടൂരിൽ പുനരൈക്യ വാർഷിക വേദിയിലാണ്.
മുന്പ് അടൂരിൽ നടന്ന പുനരൈക്യ വാർഷിക വേദിയിലാണ് ബിഷപ്പുമാരായ ഗീവർഗീസ് മാർ മക്കാറിയോസ്, ഗീവർഗീസ് മാർ തിയഡോഷ്യസ് എന്നിവരുടെ മെത്രാഭിഷേകം നടന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് അല്മായ സംഗമ വേദിയിലാണ് പുതിയ ബിഷപ്പുമാരുടെ പ്രഖ്യാപനം വന്നത്.
കാതോലിക്കാ ബാവയുടെ ആമുഖ പ്രസംഗത്തെത്തുടർന്നു തിരുവല്ല ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് പുതിയ മെത്രാൻമാരുടെ നിയമന കല്പന വായിച്ചു. സദസിലുണ്ടായിരുന്ന നിയുക്ത മെത്രാൻമാരെ പിന്നാലെ വേദിയിലേക്കു വിളിച്ച് കാതോലിക്കാ ബാവ മോതിരം അണിയിച്ചു. ഇടക്കെട്ടും കറുത്ത കുപ്പായവും മെത്രാൻമാർ അണിയിച്ചു. പ്രാർഥനയോടെ പ്രഖ്യാപന ശുശ്രൂഷ പരിസമാപിച്ചു.
ദൈവശാസ്ത്ര പണ്ഡിതർ
മലങ്കര കത്തോലിക്കാ സഭയുടെ നിയുക്ത മെത്രാൻമാർ ഇരുവരും ദൈവശാസ്ത്ര പണ്ഡിതരാണ്. വിദേശ ഭാഷകളിൽ അടക്കം പ്രാവീണ്യം നേടിയവരുമാണ്. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉപരിപഠനം പൂർത്തിയാക്കിയ ഇരുവരും സഭയുടെ മാസ്റ്റർ ഓഫ് സെറിമണീസായി പ്രവർത്തിച്ചിട്ടുണ്ട്. സെമിനാരി അധ്യാപകരെന്ന നിലയിലും ശ്രദ്ധേയരാണ്.
ചെറുപ്പം മുതലേ പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തിയിലാണ് നിയുക്ത മെത്രാൻ കുര്യാക്കോസ് തടത്തിൽ വളർന്നതെന്നു സഹോദരങ്ങൾ അനുസ്മരിച്ചു. കോട്ടയം അമയന്നൂർ സ്വദേശിയായ ഇദ്ദേഹം അമ്മയോടൊപ്പം മണർകാട് സെന്റ് മേരീസ് വലിയ പള്ളിയിൽ കുർബാനയിൽ പങ്കെടുക്കാൻ പോകുക പതിവായിരുന്നു. മാതാവിനോടുള്ള അടിയുറച്ച വിശ്വാസത്തിൽ വളർന്ന സണ്ണിക്കുട്ടി പരിശുദ്ധ അന്ത്യോഖ്യൻ ആരാധന ക്രമത്തിൽ ആകൃഷ്ടനും ആയിരുന്നു.
കൂടാതെ വല്യപ്പച്ചനായ മാണി കുറിയാക്കോസിനൊപ്പം എല്ലാ ദിവസവും സന്ധ്യാ പ്രാർഥന നടത്തുകയും ചെയ്തിരുന്നു. അമയന്നൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി ഇടവക അംഗമായ തടത്തിൽ കുടുംബം ആദ്യ കാലത്ത് തന്നെ മലങ്കര കത്തോലിക്ക സഭയിലേക്കു പുനരൈക്യപ്പെട്ടതാണ്.
സാഹോദര്യ വാത്സല്യം ഏറെയുള്ള കുര്യാക്കോസ് അച്ചനു വന്നുചേർന്ന നിയോഗത്തിൽ ഏറെ സന്തോഷിക്കുന്നതായും ഇതു ധന്യതയുടെ നിമിഷങ്ങളാണെന്നും സഹോദരങ്ങളായ മാത്തുക്കുട്ടി തോമസ്, സാബു തോമസ്, മിനി എന്നിവർ പറഞ്ഞു.