സാമൂഹികനീതിക്ക് ധാർമികമൂല്യം ഉയർത്തിപ്പിടിക്കണം: മന്ത്രി റോഷി
1593089
Saturday, September 20, 2025 3:41 AM IST
അടൂർ: സാമൂഹിക നീതിക്കായി ധാർമിക മൂല്യം ഉയർത്തി പിടിക്കണമെന്നു മന്ത്രി റോഷി അഗസ്റ്റിൻ. മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് 34- മത് അന്തർദേശീയ യുവജന കൺവൻഷൻ തട്ട സെന്റ് ആന്റണീസ് പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂല്യബോധത്തിൽ ചിന്തിക്കാനും പ്രവർത്തിക്കാനും ലോകത്തിനു മാതൃകയാനും യുവാക്കൾക്കു കഴിയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഛത്തീസ്ഗഡിൽ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മുൻതൂക്കം കൊടുത്ത മിഷനറിമാരെ പീഡിപ്പിച്ചത് വളരെ വേദന ജനകമാണ്. എല്ലാ വിഭാഗം ജനങ്ങൾക്കും സാമൂഹിക നീതി ഉറപ്പാകകണ മെന്നു അദ്ദേഹം പറഞ്ഞു.
12 മാസവും മഴ ലഭിക്കുന്ന കാലാവസ്ഥയായിട്ടും പോലും ശുദ്ധജലമില്ലാത്ത അവസ്ഥയാണിപ്പോൾ. മൂന്നര വർഷങ്ങൾക്കു മുമ്പ് 80 ലക്ഷം കുടുംബങ്ങൾക്കു കുടിവെള്ള ആവശ്യം വന്നപ്പോൾ 17 ലക്ഷം പേർക്കാണ് കുടിവെള്ളമെത്തിക്കാൻ കഴിഞ്ഞത്. എന്നാൽ, ഇപ്പോൾ 40 ലക്ഷം പേർക്കു കുടിവെള്ളമെത്തിക്കാൻ കഴിഞ്ഞത് ഒരു ദൈവിക നിയോഗമായി താൻ കരുതുന്നുവെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
സഭാതല പ്രസിഡന്റ് മോനു ജോസഫ് അധ്യക്ഷത വഹിച്ചു. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹപ്രഭാഷണം നടത്തി. യുവജന കമ്മീഷൻ ചെയർമാൻ മാത്യൂസ് മാർ പോളിക്കാർപ്പസ്, പത്തനംതിട്ട ഭദ്രാസന പ്രസിഡന്റ് ബിബിൻ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
വേദിയിലെത്തിയ നിയുക്ത മെത്രാൻമാരായ മോൺ. ഡോ. കുര്യാക്കോസ് തടത്തിലിനെയും മോൺ. ഡോ.ജോൺ കുറ്റിയിലിനെയും എംസിവൈഎം അനുമോദിച്ചു.