നാറാണംമൂഴി സഹകരണ ബാങ്ക് സെക്രട്ടറിയെ പിരിച്ചുവിട്ട നടപടി റദ്ദ് ചെയ്തു
1593097
Saturday, September 20, 2025 3:49 AM IST
റാന്നി: നാറാണംമൂഴി സഹകരണബാങ്ക് സെക്രട്ടറിയെ പിരിച്ചുവിട്ട ബാങ്ക് ഭരണസമിതിയുടെ തീരുമാനം പത്തനംതിട്ട സഹകരണ ജോയിന്റ് രജിസ്ട്രാർ റദ്ദു ചെയ്തു.ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാൻ വന്ന ഒ.കെ. പുഷ്പലതയെ ബാങ്ക് പ്രസിഡന്റ് തടഞ്ഞതോടെ ബാങ്കിനുള്ളിൽ അവർ കുത്തിയിരിപ്പ് സത്യഗ്രഹം നടത്തി.
ഉത്തരവു നടപ്പിലാക്കാതിരിക്കാൻ കാരണം കാണിച്ച് രേഖാമൂലം മറുപടി വേണമെന്നായിരുന്നു പുഷ്പലതയുടെ ആവശ്യം. ബാങ്കിൽ നിക്ഷേപമുള്ളത് തിരികെ ലഭിക്കാത്ത നിക്ഷേപകരും സ്ഥലത്തെത്തിയതോടെ രംഗം വഷളാകുമെന്ന് തോന്നിയ പ്രസിഡന്റ് പെരുനാട് പോലീസിനെ വിളിച്ചു വരുത്തി.
ഉത്തരവു നടപ്പിലാക്കാൻ സാധ്യമല്ലെങ്കിൽ രേഖാമൂലം എഴുതിത്തരണമെന്ന നിലപാടിൽ ലത ഉറച്ചുനിന്നു. സിപിഎം ഭരിക്കുന്ന ബാങ്കായതിനാൽ പാർട്ടിക്കാരും രംഗത്തുവന്നു. എത്രയും അടുത്ത ദിവസം ഭരണസമിതി കൂടി തീരുമാനം അറിയിക്കാമെന്ന് പെരുനാട് പോലീസ് സബ് ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ പ്രസിഡന്റ് എഴുതിക്കൊടുത്തു.