ഗാസയിലെ കൂട്ടക്കൊലയും വംശഹത്യയും മനഃസാക്ഷിയെ ഞെട്ടിക്കുന്നു: മാർത്തോമ്മ മെത്രാപ്പോലീത്ത
1593092
Saturday, September 20, 2025 3:41 AM IST
തിരുവല്ല: ഗാസയില്‍ ഇസ്രായേല്‍ നടത്തികൊണ്ടിരിക്കുന്ന കൂട്ടക്കൊലയും വംശഹത്യയും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇതിനെതിരേ ആഗോളതലത്തില്‍ ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദവും പ്രതിഷേധവും ഉയരണം. തുടര്‍ച്ചയായ ആക്രമണങ്ങളില്‍ നിന്ന് ഇസ്രായേല്‍ പിന്മാറാതെ കടുത്ത രീതിയിലുള്ള കര, വ്യോമാക്രമണങ്ങള്‍ തുടരുകയാണ്.
24 മണിക്കൂറിനുള്ളില്‍ 75-ലധികം ആളുകളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. പതിനായിരങ്ങള്‍ പലായനം ചെയ്തുകൊണ്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഏകദേശം 65,000ലധികം പേര് ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി. അവിടുത്തെ ആശുപത്രികളില്‍ അവശ്യം വേണ്ട മരുന്നുകളില്ല.
ഭക്ഷണവും മരുന്നുകളും അവിടെ എത്തിക്കുവാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും കാത്തുകിടക്കുന്നുവെങ്കിലും അവരെ ആ പ്രദേശത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. പത്ത് ലക്ഷത്തോളമുള്ള ഗാസയിലെ ജനസംഖ്യയുടെ വലിയൊരു ശതമാനം ജനങ്ങളും പലായനം ചെയ്തു കഴിഞ്ഞു.
ഹമാസ് ഇസ്രായേലില്‍ കടന്നു കയറി ആയിരത്തിലധികം ആളുകളെ കൊലപ്പെടുത്തിയതിന്റെ പ്രതികാര നടപടിയായി ഇസ്രായേല്‍ ആരംഭിച്ച സംഘര്‍ഷം ഇപ്പോള്‍ അതിരു കടന്ന ക്രൂരതയായി മാറിയിരിക്കുന്നു. ഗാസയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് യുഎന്‍ അന്വേഷണ കമ്മീഷന് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
പലസ്തീനിലെ ജനതയെ ഒന്നാകെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രണ്ട് വര്‍ഷമായി തുടരുന്ന ഈ ക്രൂരതയുടെ ഉത്തരവാദിത്വം പൂര്‍ണമായും ഇസ്രായേലിന്റെ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്ക്കാണെന്ന് യുഎന്നിന്റെ പലസ്തീന് അന്വേഷണ കമ്മീഷന് പ്രസ്താവിക്കുന്ന സ്ഥിതി വിശേഷം പോലും ഉണ്ടായി.
ആ പ്രദേശത്ത് ദീര്‍ഘനാളുകളായി നിലനില്‍ക്കുന്ന ദുരിതം അവസാനിക്കുവാന്‍ അധികൃതരും സഭാ സമൂഹങ്ങളും ശബ്ദമുയര്‍ത്തണം. ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായും ഗാസയില്‍ ശാശ്വത സമാധാനം പുലരാനും എല്ലാവരും പ്രാർഥിക്കണമെന്നും നാളെ എല്ലാ ദേവാലയങ്ങളിലും ആരാധനമധ്യേ പ്രത്യേക പ്രാർഥന നടത്തുമെന്നും മാർത്തോമ്മ മെത്രാപ്പോലീത്ത പറഞ്ഞു.