പിഞ്ചുകുഞ്ഞിനെ ജീവന്റെ തീരത്തേക്ക് അടുപ്പിച്ച നഴ്സ് കെ.എം. ഗീതയ്ക്കു ജന്മനാടിന്റെ ആദരം
1593100
Saturday, September 20, 2025 3:49 AM IST
തിരുവല്ല: പിറന്നുവീഴും മുന്‍പേ മരിച്ചുവെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ പിഞ്ചുശരീരത്തിലെ ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ നഴ്സ് ഗീതയ്ക്കു ജന്മനാടിന്റെ ആദരം. ഇരവിപേരൂര്‍ തോട്ടപ്പുഴ തൈപ്പറമ്പില്‍ തോമസ് ജോണിന്റെ ഭാര്യ കെ.എം. ഗീതയെയാണ് ഇരവിപേരൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചത്.
തിരൂര്‍ തലക്കടത്തൂര്‍ അല്‍ നൂര്‍ ആശുപത്രിയാണ് പിഞ്ചു കുഞ്ഞിന്റെ പുനര്‍ജന്മത്തിനു വേദിയായത്. മരിച്ചുവെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ പിഞ്ചുകുഞ്ഞിനെ ജീവന്റെ തീരത്തേക്കു കരപിടിച്ചു കയറ്റിയതു നഴ്സായിരുന്ന ഗീതയുടെ സമയോചിതമായ ഇടപെടല്‍ മൂലമായിരുന്നു. രക്തസ്രാവം വന്ന അവസ്ഥയിലാണു പൂര്‍ണഗര്‍ഭിണിയെ അല്‍ നൂര്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിനു ജീവനുണ്ടാകില്ലെന്ന സങ്കടവാര്‍ത്ത, നേരത്തേ നടത്തിയ പരിശോധനയ്ക്കു ശേഷം കുടുംബത്തെ അറിയിച്ചിരുന്നു. പ്രസവത്തീയതി ആകുന്നതിനു മുന്‍പ് രക്തസ്രാവമുണ്ടാവുകയായിരുന്നു.
വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ സംഘം സാധാരണ പ്രസവം സാധ്യമാക്കിയെങ്കിലും ജീവനില്ലെന്നു നേരത്തേ ഡോക്ടര്‍ അറിയിച്ചിരുന്നതിനാല്‍ കുഞ്ഞിനെ പൊതിഞ്ഞു കൈമാറുന്നതിനായി മുതിര്‍ന്ന നഴ്സ് ഗീതയ്ക്കു കൈമാറി. ഇതിനിടയില്‍ കുഞ്ഞിന്റെ പൊക്കിള്‍ക്കൊടിയില്‍ ജീവന്റെ മിടിപ്പ് അനുഭവപ്പെട്ടു. ഉടന്‍ ഗീത സിപിആര്‍ നല്കി.
കരയാനായി കുഞ്ഞിന്റെ കാലില്‍ അടിച്ചു. പല ശ്രമങ്ങള്‍ക്കൊടുവില്‍ കുഞ്ഞ് ശ്വാസമെടുത്തു. പിന്നീട് ഒന്നര മണിക്കൂറോളം നീണ്ടുനിന്ന ശ്രമങ്ങള്‍ക്കൊടുവില്‍ കുഞ്ഞ് സാധാരണ നിലയിലാവുകയായിരുന്നു.മെഡിക്കല്‍ രംഗത്ത് വര്‍ഷങ്ങളായുള്ള പരിചയവും മനുഷ്യസ്നേഹവും ചേര്‍ന്നപ്പോഴാണ് ഈ അത്ഭുതം സംഭവിച്ചത്.
ഗീതയുടെ പ്രവൃത്തി സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണെന്നു പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ആന്റോ ആന്റണി എംപി പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉപഹാരവും ആന്റോ ആന്റണി കൈമാറി. കേരള സ്റ്റേറ്റ് ഹൗസ്ഫെഡ് വൈസ് ചെയര്മാന് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ ഗീതയെ പൊന്നാട അണിയിച്ചു.
മണ്ഡലം പ്രസിഡന്റ് കെ.ആര്. പ്രസാദ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എം.ടി. മാത്യു, ഗോപിമോഹന്‍, അജിത്കുമാർ, അല്ബിന് മാളിയേക്കല്‍, കെ.എൻ. രവീന്ദ്രന്, പി.എല്‍. മോഹനൻ, പി.എം. ചെറിയാന്, മോഹനൻ, ജോർജ് കെ. ജോഷ്വാ, വിനോദ് എന്നിവര്‍ പ്രസംഗിച്ചു.