സര്‍ക്കാരിന്റെ വികസനസദസ് പ്രഹസനവും തട്ടിപ്പും: വി.ഡി. സതീശന്
1593093
Saturday, September 20, 2025 3:41 AM IST
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനെന്നു പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വികസന സദസുകള്‍ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് ജില്ലാ നേതൃസംഗമം പത്തനംതിട്ട രാജീവ് ഭവന് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടും അധികാരവും കവര്‍ന്നെടുക്കുകയും യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടത്താതെയും ഭരണത്തിന്റെ അവസാന നാളുകളില്‍ സര്‍ക്കാര്‍ നടത്തുന്ന തട്ടിപ്പ് ജനങ്ങള്‍ തിരിച്ചറിയുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ശബരിമലയില്‍ വികസനത്തിന് യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മാസ്റ്റര്‍പ്ലാന്‍ കോള്‍ഡ് സ്റ്റോറേജിൽവച്ചിട്ട് അയ്യപ്പ സംഗമം നടത്തുന്നതിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പാണെന്ന് പകല്‍ പോലെ വ്യക്തമാണ്. സര്‍ക്കാര്‍ അയ്യപ്പ ഭക്തരോടും ശബരിമല തീർഥാടകരോടും ചെയ്തുകൂട്ടിയ അതിക്രമങ്ങള്‍ ജനങ്ങളുടെ മനസിലേക്ക് വീണ്ടും കൊണ്ടുവരുന്നതിന് അയ്യപ്പ സംഗമം സഹായിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
അയ്യപ്പന്റെ നാലുകിലോ സ്വർണം കാണാതെ പോയതിന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും സമാധാനം പറയണം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിട്ട് വന്‍ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ജില്ലാ ചെയര്മാന് വർഗീസ് മാമ്മന്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, കെപിസിസി രാഷ്ട്രീയകാര്യ സമതി അംഗങ്ങളായ പ്രഫ. പി.ജെ. കുര്യൻ, ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു,
യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്, ജോസഫ് എം. പുതുശേരി എക്സ് എംഎല്‍എ, കെ.ഇ. അബ്ദുള്‍ റഹ്മാന്, പി.ജി. പ്രസന്നകുമാർ, മാലേത്ത് സരളാദേവി എക്സ് എംഎല്‍എ, സനോജ് മേമന, റ്റി.എം. ഹമീദ്, കുഞ്ഞുകോശി പോൾ, ജോണ്‍ കെ. മാത്യൂസ്,
ജോര്‍ജ് മാമ്മന്‍ കെണ്ടൂർ, റിങ്കു ചെറിയാന്, അനീഷ് വരിക്കണ്ണാമല, സലീം പി. മാത്യു, സമദ് മേപ്രത്ത്, റ്റി.ഒ. തങ്കമ്മ, ജോണ്‍ സാമുവല്‍, ഗോപകുമാര്‍ അടൂർ, പന്തളം സുധാകരന്, പി. മോഹന്‍രാജ്, റോബിന് പീറ്റര്‍, സാമുവല്‍ കിഴക്കുപുറം തുടങ്ങിയവർ പ്രസംഗിച്ചു.