മരണവീട്ടിലെ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു; ഒരാൾ അറസ്റ്റിൽ
1593094
Saturday, September 20, 2025 3:41 AM IST
കോന്നി: കോന്നിയില്‍ സംസ്കാരച്ചടങ്ങിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തേത്തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റ സംഭവത്തിലെ ഒരാളെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി വൈക്കം ലക്ഷ്മീധരം വീട്ടില്‍ രാമചന്ദ്രന് നായര്‍ (59) ആണ് അറസ്റ്റിലായത്.
ഇയാളുടെ സഹോദരനും റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനുമായ സീതത്തോട് പാറശേരില്‍ ഗോപിനാഥന് നായര്‍ക്കും ബന്ധുവായ ശരത്ചന്ദ്രനുമാണ് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തേറ്റത്. സാമ്പത്തികഇടപാടുകളുമായും കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളുമായും മറ്റും ബന്ധപ്പെട്ട് ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്.
വ്യാഴാഴ്ച കോന്നി വെള്ളപ്പാറയിലുള്ള ഇവരുടെ ബന്ധുവിന്റെ സംസ്കാരച്ചടങ്ങിനിടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ പരിക്കേറ്റവർ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.