പെരുമ്പെട്ടിയിൽ ഭാഗികമായി പട്ടയം നൽകാനുള്ള നീക്കത്തിൽ പ്രതിഷേധം; പതിവു കമ്മിറ്റി മാറ്റിവച്ചു
1593096
Saturday, September 20, 2025 3:49 AM IST
മല്ലപ്പള്ളി: പെരുമ്പെട്ടി പട്ടയം സംബന്ധിച്ച പതിവുകമ്മിറ്റി ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് മാറ്റിവച്ചു. കമ്മിറ്റി അധ്യക്ഷൻ പ്രമോദ് നാരായൺ എംഎൽഎയാണ് കമ്മിറ്റി മാറ്റിവയ്ക്കാൻ നിർദേശിച്ചത്.
747 ഭൂരേഖകളാണ് ഡിജിറ്റൽ സർവേയിലൂടെ പരിശോധിച്ചത്. 649 പട്ടയ അപേക്ഷകൾ താലൂക്കിൽ ലഭിച്ചെങ്കിലും ചിലർക്ക് ഒന്നിലേറെ അപേക്ഷ ഉള്ളതിനാൽ അപേക്ഷകരുടെ എണ്ണം 499 ആയി ചുരുങ്ങി. ഇതിൽ 43 അപേക്ഷകൾ മാത്രമാണ് ഭൂപതിവിനു തയറാക്കിയത്. അപേക്ഷകർ ഭൂമി കൈവശം വച്ചിരിക്കുന്നതായ രേഖ ഹാജരാക്കണമെന്ന നിബന്ധന വില്ലേജ് അധികൃതർ മുന്നോട്ടുവച്ചതോടെയാണ് അർഹരായ പലരുടെയും പട്ടയം ലഭ്യമല്ലെന്ന ഘട്ടത്തിലെത്തിയത്.
എല്ലാവർക്കും പട്ടയം നൽകണമെന്നാവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധ ബാനർ ഉയർത്തി.
1971 ഓഗസ്റ്റ് ഒന്നിനു മുൻപുള്ള കൈവശമാണെന്ന് അപേക്ഷകൾ രേഖ നൽകി തെളിയിക്കണം എന്നാണ് നിലവിലെ നിയമം. എന്നാൽ വനം ആണെന്ന തെറ്റിധാരണയിൽ ഭൂമിക്ക് കൈവശരേഖ അല്ലാതെ മറ്റൊരു രേഖയും ലഭിച്ചിട്ടില്ലെന്ന് കർഷകർ ചൂണ്ടിക്കാണിക്കുന്നു. 1977 ജനുവരി ഒന്നിനു മുൻപ് വനംകൈയേറി താമസിക്കുന്നു എന്നാണ് കൈവശരേഖയിൽ കുറിച്ചിരിക്കുന്നത്. അടുത്തകാലത്ത് ഡിജിറ്റൽ സർവേയിലൂടെയാണ് കർഷകരുടെ ഭൂമി വനപരിധിക്ക് പുറത്താണെന്ന് തെളിഞ്ഞത്.
അതുകൊണ്ട് ഭൂമി സംബന്ധിച്ച രേഖകൾ കർഷകർക്ക് ഇതേവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ തങ്ങളുടെ കൈവശത്തിന്റെ പഴക്കം തെളിയിക്കാൻ കർഷകർക്ക് കഴിയുകയില്ല. അതുകൊണ്ട് പെരുന്പെട്ടിയിലെ ജനവാസത്തിന്റെ കാലാവധി പരിഗണിച്ച് എല്ലാ കൈവശക്കാർക്കും പട്ടയം അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഭൂ പതിവു കമ്മിറ്റിക്ക് ഓൺലൈനായി അധ്യക്ഷത വഹിച്ചിരുന്ന എംഎൽഎ വളരെ ചുരുക്കം പേരുടെ ലിസ്റ്റ് മാത്രമേ തയാറായിട്ടുള്ളൂവെന്നറിഞ്ഞതോടെ കമ്മിറ്റി യോഗം മാറ്റിവയ്പിക്കുകയായിരുന്നു.
അർഹരായ എല്ലാവർക്കും പട്ടയം ലഭിക്കണമെന്നു തന്നെയാണ് നയമെന്ന് പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. പൊന്തൻപുഴ സമരസമിതി ചെയർമാൻ ജയിംസ് കണ്ണിമല പ്രതിഷേധ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാഗോപി ഉദ്ഘാടനം ചെയ്തു. കൊറ്റനാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് പ്രകാശ് പി. സാം, സാംകുട്ടി പാലയ്ക്കാമണ്ണിൽ, സി.എ. സലിം എന്നിവർ പ്രസംഗിച്ചു. സമരസമിതി കൺവീനർ സന്തോഷ് പെരുമ്പെട്ടി സ്വാഗതവും ജയ്സൺ വർഗീസ് നന്ദിയും പറഞ്ഞു.