നിഷാദ് നിശബ്ദനാണ്, പക്ഷേ ആ ചിത്രങ്ങൾക്ക് നൂറു നാവാണ്
1273860
Friday, March 3, 2023 10:40 PM IST
പൂച്ചാക്കൽ: നിഷാദ് നിശബ്ദനാണ്, എന്നാൽ, നിഷാദ് ഒരുക്കുന്ന ചിത്രങ്ങൾ നമ്മോടു സംസാരിച്ചുകൊണ്ടേയിരിക്കും. കാര്യമായ പഠനത്തിന്റെയോ പരിശീലനങ്ങളുടെയോ പിൻബലമില്ലാതെ മൂകനും ബധിരനുമായ നിഷാദ് ഒരുക്കുന്ന കാൻവാസ് ചിത്രങ്ങൾ ശ്രദ്ധേയമാവുകയാണ്.
പാണാവള്ളി പഞ്ചായത്ത് പത്താം വാർഡ് നിഷാദ് മൻസിൽ പരേതനായ ഷാഹുദീന്റെ മകൻ നിഷാദ് ഇന്നു തിരക്കുള്ള കലാകാരനായി മാറിയിരിക്കുന്നു.
പത്താം ക്ലാസ് വിജയിച്ച നിഷാദിനു പഠിച്ച സ്കൂളിൽ ഉപരിപഠനത്തിന് അവസരം കിട്ടാതെ വന്നപ്പോൾ തന്റെ വിഷമങ്ങളും മറ്റും നോട്ട് ബുക്കിന്റെ താളുകളിൽ കാർട്ടൂണുകളായി വരച്ചിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട മാതാവ് നസീമയും നിഷാദിന്റെ കൂട്ടുകാരും ചിത്രരചനയ്ക്കു പ്രോത്സാഹനം നൽകി. പഴയകാല പള്ളികളും ക്ഷേത്രങ്ങളും തൊഴിൽ മേഖലകളും കാൻവാസിൽ തയാറാക്കിയപ്പോൾ അതു കാണാനും വാങ്ങാനും ആവശ്യക്കാർ ഏറെയായി.
ചിത്രരചനയോടൊപ്പം തയ്യൽ പരിശീലനവും നേടിയിരുന്നു. കൂടാതെ ആഴ്ചയിൽ മൂന്നു ദിവസം പെരുമ്പളം ഗവ. സ്കൂളിലെ വിദ്യാർഥികൾക്കു ചിത്രരചന പരിശീലനം നൽകുന്നു. നിഷാദിന്റെ മുന്നിൽ അഞ്ചു മിനിറ്റ് നിന്നാൽ ആരുടെയും ചിത്രങ്ങൾ വരച്ചുനൽകും. ചിത്രരചന, തയ്യൽ എന്നിവയോടൊപ്പം നിഷാദ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയും വേദികളിൽ അവതരിപ്പിക്കും. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും ഇന്ത്യയുടെ ജേഴ്സിയിട്ട് കളത്തിലിറങ്ങിയാൽ അവരുടെ ഭാവം എന്തായിരിക്കുമെന്ന നിഷാദിന്റെ അവതരണം കാണികൾ ചിരിവിടർത്തും.