കരളകം വാര്‍ഡിന് സമ്പൂർണ ശുചിത്വ പദവി
1279123
Sunday, March 19, 2023 10:32 PM IST
ആലപ്പുഴ: നഗരസഭ സമ്പൂർണ ശുചിത്വ പദവി കൈവരിക്കുന്നതിലേക്കുള്ള നിർമല ഭവനം, നിർമല നഗരം 2.0, അഴകോടെ ആലപ്പുഴ പദ്ധതിയുടെ ഭാഗമായി കരളകം വാര്‍ഡ് സമ്പുർണ ശുചിത്വ പദവി കൈവരിച്ചു.
വടികാട് ഗവ. എല്‍പി സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ സൗമ്യരാജ് ശുചിത്വ വാര്‍ഡ് പ്രഖ്യാപനം നടത്തി.
വാർഡിലെ മുഴുവന്‍ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പൊതുസ്ഥാപനങ്ങളുടെയും ശരിയായ മാലിന്യസംസ്കരണം ഉറപ്പാക്കിയും പൊതു ഇടങ്ങൾ ശുചിയാക്കിയും ഫലവൃക്ഷ തൈകള്‍ നട്ടും ശുചിത്വത്തിന്റെ തുടര്‍ സംരക്ഷണത്തിനായി ജനപ്രതിനിധികളടക്കം പങ്കെടുത്ത് ബോധവത്കരണവും ഗൃഹസന്ദര്‍ശനവും ശുചിത്വ സന്ദേശ റാലി അടക്കം പൂര്‍ത്തീകരിച്ചാണ് കരളകം വാര്‍ഡ് ഈ നേട്ടം കൈവരിക്കുന്നത്. ശാസ്ത്രീയമാലിന്യ സംസ്കരണ മാർഗങ്ങൾ അവലംബിക്കാത്ത ഭവനങ്ങളിൽ നഗരസഭാധ്യക്ഷ സൗമ്യ രാജിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ എത്തി ബോധവത്കരണം നടത്തിയിരുന്നു.
നഗരസഭയുടെ മേൽനോട്ടത്തിൽ ജൈവമാലിന്യ സംസ്കരണ സംവിധാനമായ ബയോബിൻ എല്ലാ വീടുകളിലും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ബിയോബിൻ 90% സബ്സിഡിയോടെ വിതരണം ചെയ്തു. ഹരിത കർമസേനയുടെ സേവനം മുഴുവൻ വീടുകളിലും ഉറപ്പാക്കുക വഴി അജൈവ മാലിന്യ സംസ്കരണത്തിലും പൂർണത കൈവരിച്ചു.
വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി അരവിന്ദ് , ബീന രമേശ്, ആര്. വിനിത, റീഗോ രാജു, എ.എസ്. കവിത, ബി. നസീര്‍, ബിജി ശങ്കര്‍, സുമം സ്കന്ദന് തുടങ്ങിയവർ പങ്കെടുത്തു.