പുതിയ അടിപ്പാതകൾക്ക് ശിപാർശ സമർപ്പിക്കാൻ ധാരണ
1281267
Sunday, March 26, 2023 10:09 PM IST
ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി കൂടുതൽ അടിപ്പാതകൾ നിർമിക്കാൻ ശിപാർശ സമർപ്പിക്കാൻ എ.എം. ആരിഫ് എംപി ദേശീയപാത അധികൃതരുമായി നടത്തിയ ചർച്ചയിൽ ധാരണയായി. കൂടുതൽ സ്ഥലങ്ങളിൽ അടിപ്പാതകൾ നിർമിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ എംപിക്കു നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ദേശീയപാത അഥോറിറ്റിയുടെ തിരുവനന്തപുരം പദ്ധതി നിർവഹണ യൂണിറ്റ് തലവൻ പി. പ്രദീപ്, പ്രോജക്ട് എൻജിനിയറിംഗ് ടീം, കരാറുകാരുടെ പ്രതിനിധികൾ എന്നിവരോടൊപ്പം എസ്.എൻ.കവല, പുന്നപ്ര, തുമ്പോളി എന്നിവിടങ്ങളിൽ എംപി സന്ദർശനം നടത്തി അടിപ്പാതകളുടെ ആവശ്യകത ബോധ്യപ്പെടുത്തി. ഇതേത്തുടർന്ന് പ്രധാനപ്പെട്ട കവലകളായിരുന്നിട്ടും അടിപ്പാത നിർമിക്കാൻ ഇപ്പോഴത്തെ രൂപരേഖയിൽ നിർദേശമില്ലാത്ത എസ്.എൻ.കവല, കളിത്തട്ട്, പറവൂർ, തുമ്പോളി, പാതിരപ്പള്ളി, തിരുവിഴ, തങ്കി എന്നിവിടങ്ങളിൽ അടിപ്പാതകൾ നിർമിക്കുന്നതിനുള്ള ശിപാർശ നൽകാൻ ദേശീയപാത തിരുവനന്തപുരം റീജണൽ പ്രോജക്ട് ഓഫീസിനെ ചുമതലപ്പെടുത്തി.