മാസ്റ്റേഴ്്സ് ഗെയിംസിൽ കുട്ടനാട്ടുകാരന് ഇരട്ടനേട്ടം
1298656
Wednesday, May 31, 2023 2:22 AM IST
മങ്കൊമ്പ്: ദക്ഷിണകൊറിയയിൽ നടന്ന ഏഷ്യാ-പസഫിക് മാസ്റ്റേഴ്സ് ഗെയിംസിൽ കുട്ടനാട്ടുകാരന് ഇരട്ടനേട്ടം. ബാഡ്മിന്റൺ മത്സരത്തിൽ ഡബിൾസിലും സിംഗിൾസിലുമായി കുട്ടനാട് പുളിങ്കുന്ന് വെള്ളാത്തോട്ടം മൈക്കിൾ സെബാസ്റ്റ്യനാണ് ഇന്ത്യക്കുവേണ്ടി ഇരട്ട വെള്ളിമെഡൽ നേട്ടം കൈവരിച്ചത്. നേരത്തെ സിംഗിൾസ് വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ മൈക്കിൾ ചങ്ങനാശേരി സ്വദേശി ജെയ്സൺ കാവാലത്തിനൊപ്പമാണ് ഡബിൾസിലും വെള്ളിമെഡൽ നേടിയത്.
എഴുപതിലധികം രാജ്യങ്ങളിലെ 15,000 കായികതാരങ്ങളാണ് വിവിധ ഇനങ്ങളിലായി മാസ്റ്റേഴ്സ് മത്സരത്തിൽ മത്സരിച്ചത്. ചമ്പക്കുളം സെന്റ് തോമസ് സ്കൂളിലെ അധ്യാപകനും കുട്ടനാട് എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് സഹകരണസംഘം ഡയറക്ടർ ബോർഡംഗവുമാണ് മൈക്കിൾ. സാമൂഹ്യശാസ്ത്ര അധ്യാപകനായ മൈക്കിളിന്റെ ഭാര്യ റീന സൗദിയിൽ നഴ്സാണ്. ഐറിൻ, ഇവാന എന്നിവരാണ് മക്കൾ. 2024 ൽ അമേരിക്കയിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് ചാമ്പൻഷിപ്പിൽ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് മൈക്കിൾ സെബാസ്റ്റ്യൻ.