കുട്ടനാട് എംഎൽഎ രാജിവയ്ക്കണം: കർഷക ഫെഡറേഷൻ
1299298
Thursday, June 1, 2023 11:04 PM IST
അമ്പലപ്പുഴ: രണ്ടു ദിവസത്തിനുള്ളിൽ സംഭരിച്ച നെല്ലിന് വില നൽകുമെന്ന് പ്രഖ്യാപിച്ചിട്ട് ഒരു കൃഷിക്കാരനു പോലും സംഭരണ വില നൽകിയിട്ടില്ല.
നെല്ലു സംഭരണം നടത്തിയിട്ട് 35- 40 ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞിട്ടും സംഭരണത്തുക കർഷകന്റെ അക്കൗണ്ടിൽ വന്നിട്ടില്ല. കർഷക ഫെഡറേഷൻ മന്ത്രിമാർക്ക് നേരിട്ട് നിവേദനം നൽകിയപ്പോഴും ഒരാഴ്ചയ്ക്കുള്ളിൽ പണം പൂർണമായി കൊടുത്തു തീർക്കുമെന്ന് നൽകിയ ഉറപ്പ് പൂർണമായും പാലിച്ചിട്ടില്ല.
സംഭരണതുകയ്ക്കായി കാത്തിരുന്ന കർഷകർക്കിനി കർശനമായ സമര പരിപാടിയിലേക്ക് നീങ്ങുകയല്ലാതെ മറ്റൊരു മാർഗമില്ലെന്ന് കർഷക ഫെഡറേഷൻ സംസ്ഥാന നേതൃത്വ യോഗം അഭിപ്രായപ്പെട്ടു.
കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് പറഞ്ഞ വാക്കുകൾക്ക് ഒരു സ്ഥിരതയും വരാത്ത സാഹചര്യത്തിൽ അദ്ദേഹം എംഎൽഎ സ്ഥാനം രാജിവച്ചു ഒഴിയുകയാണ് നല്ലതെന്ന് കർഷക ഫെഡറേഷൻ സംസ്ഥാന നേതൃത്വ യോഗം അഭിപ്രായപ്പെട്ടു.
ആലപ്പുഴയിൽ നടന്ന സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന നേതൃയോഗത്തിന് വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജോമോൻ കുമരകം സമര പരിപാടികൾ വിശദീകരിച്ചു. രാജൻ മേപ്രാൽ, എം. അബൂബക്കർ മാന്നാർ, തോമസ് പുന്നമട, ബിനു മദനൻ, ജോ നെടുങ്ങാട്, ജേക്കബ് എട്ടുപറയിൽ പി.ടി. രാമചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.