ദുരൂഹതകള്‍ നിറഞ്ഞൊരു വീട്, ജീവിതം അതിലേറെ വിചിത്രം
1581599
Tuesday, August 5, 2025 11:55 PM IST
കോട്ടയം: നാലു സ്ത്രീകളുടെ തിരോധാനത്തില്‍ പ്രതിയെന്ന സംശയിക്കുന്ന ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് ചെങ്ങുംതറ സെബാസ്റ്റ്യന്‍ നിലവില്‍ 68 വയസ്. ഇയാള്‍ ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശിനിയെ വിവാഹം ചെയ്തത് 55-ാം വയസിലാണ്. ഭാര്യയും പതിനൊന്ന് വയസുള്ള മകളും വെട്ടിമുകളിലുണ്ട്. സെബാസ്റ്റ്യന്‍ അടുത്ത കാലത്തും വെട്ടിമുകളില്‍ ഭാര്യാവീട്ടിലുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. കൊലപാതകം, തട്ടിപ്പ്, വഞ്ചന തുടങ്ങിയ വിവിധ കേസുകളില്‍ അറസ്റ്റ് ഒഴിവാക്കാനാണു വെട്ടിമുകളിലെത്തിയിരുന്നതെന്ന് സംശയിക്കുന്നു. ഇവിടെയും സെബാസ്റ്റ്യന്‍ പലരില്‍നിന്നു പണവും കടകളില്‍നിന്ന് സാധനങ്ങള്‍ കടവും വാങ്ങിയിട്ടുള്ളതായി പറയുന്നു.
ബ്രോക്കര്‍ ജോലിയും സ്ഥിരം യാത്രകളും ലോഡ്ജുകളില്‍ താമസവും പതിവാക്കിയ സെബാസ്റ്റ്യന്‍ ദിവസങ്ങള്‍ കൂടുമ്പോഴാണു ചേര്‍ത്തലയിലെ വീട്ടില്‍ എത്തിയിരുന്നത്. വീടിനോടു ചേര്‍ന്ന രണ്ടരയേക്കര്‍ സ്ഥലത്ത് ഇയാള്‍ കൃഷി ചെയ്തിരുന്നില്ല. വനംപോലെ കാടുകയറിയ സ്ഥലത്തിനു നടുക്കുള്ള വീടും എന്നും ദുരൂഹതകള്‍ നിറഞ്ഞതാണ്. കുളങ്ങളില്‍ മാംസം തിന്നുന്ന പിരാന, ആഫ്രിക്കന്‍ മുഷി തുടങ്ങിയ മീനുകളെ ഇയാള്‍ വളര്‍ത്തിയിരുന്നു. നാട്ടില്‍ അമ്മാവന് എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. അതിക്രൂരവും പൈശാചികവുമായ മനസിന്റെ ഉടമയാണ് ഇയാളെന്ന് നാട്ടുകാര്‍ക്ക് വിശ്വസിക്കാനാകുന്നില്ല.
അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടെ കൊലപാതകത്തില്‍ തെളിവുകള്‍ നിരത്തി ഏഴു ദിവസം ചോദ്യം ചെയ്തിട്ടും പ്രതി വ്യക്തമായ മറുപടി നല്‍കുന്നില്ല. ജെയ്നമ്മയെ പരിചയമുണ്ടായിരുന്നു എന്നതല്ലാതെ എന്തിനു കൊന്നു, എങ്ങനെ കൊന്നു, ആരുടെ സഹായം കിട്ടി എന്നിവയ്ക്ക് മറുപടിയില്ല. പ്രമേഹബാധിതനായ സെബാസ്റ്റ്യന്‍ ശാരീരിക അസ്വസ്ഥതകള്‍ നിരത്തി ചോദ്യങ്ങളോടു സഹകരിക്കുന്നില്ല.
നാലുനേരം മരുന്നും ഭക്ഷണവും കൃത്യസമയത്ത് ഇയാള്‍ക്ക് നിര്‍ബന്ധമാണ്. കാലില്‍ ചെറിയ മുറിവുള്ളതിനാല്‍ രാവിലെ ആശുപത്രിയിലെത്തിച്ച് ഡ്രസിംഗ് നടത്തേണ്ടതും പോലീസ്തന്നെ. കാണാതായ നാലു സ്ത്രീകളെയും അറിയാമെന്നല്ലാതെ കൊലപ്പെടുത്തിയതായി സമ്മതിക്കുന്നുമില്ല. സ്ത്രീകളുടെ തിരോധാനം സംബന്ധിച്ച കേസുകളില്‍ ചോദ്യം ചെയ്തിട്ടും തന്ത്രപരമായി അന്വേഷണം വഴിതെറ്റിക്കുകയായിരുന്നു.
സെബാസ്റ്റ്യന്‍, ആര്‍ക്കും
പിടികൊടുക്കാത്ത ക്രിമിനല്‍
സ്ത്രീകളെ വശീകരിച്ചു വലയില്‍ വീഴ്ത്തുന്നതില്‍ അതിവിദഗ്ധനായിരുന്നു സീരിയല്‍ കില്ലറെന്നു പോലീസ് വിശേഷിപ്പിക്കുന്ന സെബാസ്റ്റ്യന്‍. കുടുംബപ്രശ്നങ്ങള്‍, സ്വത്തുതര്‍ക്കം തുടങ്ങിയവയില്‍ ബുദ്ധിമുട്ടുന്ന തനിച്ചു കഴിയുന്ന സ്ത്രീകളെ കണ്ടെത്തി ചങ്ങാത്തം കൂടുന്നതാണ് ഇയാളുടെ രീതി. 2024ല്‍ കാണാതായ അതിരമ്പുഴ സ്വദേശി ജെയ്നമ്മ, ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭന് (2002), ചേര്‍ത്തല വാരനാട് സ്വദേശി ഐഷ (2012), ചേര്‍ത്തല വള്ളാകുന്നം സ്വദേശി സിന്ധു (2020)എന്നിവരുടെ തിരോധാനക്കേസുകളാണ് സെബാസ്റ്റ്യനെ പിന്തുടരുന്നത്. ഇതുകൂടാതെയും സമാനമായ കൃത്യങ്ങള്‍ ഇയാള്‍ നടത്തിയിരുന്നോ എന്നും പോലീസ് തെരയുന്നു.
വ്യക്തിപരമായ പ്രശ്നപരിഹാരങ്ങള്‍ക്ക് ധ്യാനകേന്ദ്രങ്ങളിലും പ്രാര്ഥനാകേന്ദ്രങ്ങളിലും സന്ദര്‍ശനം പതിവാക്കുന്ന സ്ത്രീകളുമായി സൗഹൃദം കൂടും. കുടുംബവിഹിതത്തിന് വ്യവഹാരം നടത്തുന്ന സ്ത്രീകളും വലയില്പ്പെട്ടു.
അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയെ സെബാസ്റ്റ്യന്‍ പരിചയപ്പെട്ടത് എന്ന്, എവിടെവച്ച് എന്നതില്‍ വ്യക്തതയില്ല. ആലപ്പുഴയിലെ ഒരു പ്രാർഥനാലയത്തില്‍ ജെയ്നമ്മ പതിവായി പോയിരുന്നുവെന്നും അവിടെ വച്ചാണ് സെബാസ്റ്റ്യനെ പരിചയപ്പെട്ടതെന്നും പറയപ്പെടുന്നു. എന്നാല്‍ ഏറ്റുമാനൂരില്‍ ഭാര്യയുടെ വീട്ടിലെത്തിയ വേളയിലാണ് ജെയ്നമ്മയെ പരിചയപ്പെട്ടതെന്നും സംശയമുണ്ട്.
എവിടെ യാത്രപോയാലും ആറു പവനോളം ആഭരണങ്ങള്‍ ജെയ്നമ്മ ധരിച്ചിരുന്നു. ഒരു ആത്മീയ പ്രസിദ്ധീകരണം വിതരണം ചെയ്യാന്‍ സെബാസ്റ്റ്യനും ജെയ്നമ്മയും ഒരുമിച്ചു യാത്ര ചെയ്തിരുന്നതായി സൂചനയുണ്ട്. ജെയ്നമ്മയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ മുന്‍പ് പലപ്പോഴും ചേര്‍ത്തല പള്ളിപ്പുറത്ത് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
2024 ഡിസംബര്‍ 21 മുതല്‍ 23 വരെ പാലായില്‍ നടന്ന ബൈബിൾ കണ്‍വന്‍ഷനില്‍ ജെയ്നമ്മ പങ്കെടുത്തിരുന്നതായി സഹോദരന് സാവിയോ പറഞ്ഞു. ധ്യാനത്തിനുശേഷം 24ന് കുറിച്ചിത്താനത്തുള്ള സാവിയോയുടെ വീട്ടിലെത്തുമെന്നും പറഞ്ഞിരുന്നു. 24ന് വരാതായശേഷം നടത്തിയ അന്വേഷണങ്ങളില്‍ ജെയ്നമ്മയെ കണ്ടെത്താനായില്ല.
മൊബൈല്‍ ഫോണില്‍ വിളിച്ചാല്‍ ബെല്ലുണ്ടെങ്കിലും ഫോണ്‍ എടുക്കാറില്ലായിരുന്നു. പാലായില്‍നിന്ന് ധ്യാനത്തിനുശേഷം ജെയ്നമ്മ ചേര്‍ത്തലയില്‍ എത്തിയിരുന്നതായാണ് മൊബൈല്‍ ലൊക്കേഷന്‍. അങ്ങനെയെങ്കില്‍ 23നോ പിറ്റേന്നോ സെബാസ്റ്റ്യന്‍ ഇവരെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കൈവശപ്പെടുത്തിയിട്ടുണ്ടാകും. പണയംവച്ച ആഭരണങ്ങള്‍ ചേര്‍ത്തലയിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍നിന്നു പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഏഴു വര്‍ഷമായി സംശയനിഴലില്‍;
ഒരു കേസിലും പിടികൊടുത്തില്ല
കോടികളുടെ സ്വത്തിനുടമ ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട് 2018ലാണ് സെബാസ്റ്റ്യന്‍ പോലീസിന്റെ സംശയനിഴലില്‍ വരുന്നത്. ബിന്ദു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതും സെബാസ്റ്റ്യന്‍ നുണപരിശോധനയ്ക്ക് വിസമ്മതിച്ചതും കാരണം തെളിവ് ലഭിക്കാതെ അന്വേഷണം പ്രതിസന്ധിയിലായി. പിന്നീടാണ് ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനവും അന്വേഷണവുമുണ്ടായത്. ജെയ്നമ്മ മൊബൈല്‍ ഉപയോഗിച്ചിരുന്നത് കാരണമാണ് സെബാസ്റ്റ്യനിലേക്ക് സംശയം നീണ്ടത്.
ജെയ്നമ്മയെ അപായപ്പെടുത്തിയശേഷം ഫോണ്‍ കൈവശപ്പെടുത്തിയ സെബാസ്റ്റ്യന്‍ പലപ്പോഴും ബന്ധുക്കള്‍ക്ക് മിസ്ഡ് കോള്‍ ചെയ്തിരുന്നു. ജെയ്നമ്മയുടെ സഹോദരനും സഹോദരിക്കും മിസ്ഡ് കോളുകള്‍ ലഭിച്ചപ്പോഴൊക്കെ പോലീസിനെ സമീപിച്ചെങ്കിലും ലൊക്കേഷന്‍ ചേര്ത്തലയാണെന്നും അവിടെ പരാതിപ്പെടാനും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അവസാനം മേലുകാവിലും ഈരാറ്റുപേട്ടയിലും ലൊക്കേഷന്‍ കണ്ടതോടെയാണ് അന്വേഷണം മുന്നോട്ടുപോയതും വ്യക്തമായ തെളിവുകള്‍ ലഭിച്ചതും. ജെയ്നമ്മ ജീവിച്ചിരിപ്പുണ്ടെന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.
വാരനാട് സ്വദേശിനി ഐഷയുടെ തിരോധാനത്തിലും സെബാസ്റ്റ്യനു പങ്കുള്ളതായി കരുതുന്നു. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചാണ് ഐഷ തിരോധാനം അന്വേഷിക്കുന്നത്. ബിന്ദു പത്മനാഭന്റെ തിരോധാനം അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്.
ബിന്ദുവിന്റെ കുടുംബവീടിനോടു ചേര്‍ന്ന് സര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധതിക്കായി നീക്കിവച്ച 30 സെന്റ് സ്ഥലം വ്യാജ പ്രമാണം ചമച്ചു സെബാസ്റ്റ്യന്‍ കൈമാറ്റം ചെയ്തിരുന്നു. ബിന്ദുവിന്റെ പിതാവ് പത്മനാഭന് വരുത്തിയ അബ്കാരി കുടിശികയിലേക്കു കണ്ടുകെട്ടിയ വസ്തുവാണു വ്യാജ പ്രമാണം ചമച്ചു പോക്കുവരവ് ചെയ്തു ബാങ്കില്‍നിന്നു വായ്പയെടുത്തത്. 20 വര്‍ഷം മുന്‍പു ജപ്തി ചെയ്ത വസ്തു ലേലത്തിനു വച്ചെങ്കിലും ആരും ഏറ്റെടുക്കാതെ വന്നതോടെ സര്‍ക്കാരിലേക്കു കണ്ടുകെട്ടി.
ഈ വസ്തുവിന്റെ അതിരുകള്‍ കാണിച്ച് ചേര്‍ത്തല സ്വദേശിയായ ആധാരമെഴുത്തുകാരനെക്കൊണ്ട് പ്രമാണം രജിസ്റ്റര്‍ ചെയ്തു. ഇതു വില്ലേജ് ഓഫീസില്‍ പോക്കുവരവ് ചെയ്യാതെ വസ്തു വിറ്റതായി മറ്റൊരു പ്രമാണമുണ്ടാക്കി പോക്കുവരവു നടത്തി സഹകരണ ബാങ്കില്‍നിന്നു വായ്പയെടുത്തു. വായ്പ കുടിശികയായതോടെ ബാങ്ക് ജപ്തിക്കെത്തിയപ്പോഴാണ് സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലമാണെന്നു കണ്ടെത്തിയത്.
ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് സെബാസ്റ്റ്യനെന്ന് അന്നുതന്നെ പോലീസ് സംശയിച്ചിരുന്നു. സെബാസ്റ്റ്യന്റെ എല്ലാ ഇടപാടുകള്‍ക്കും സഹായിയായിരുന്ന ചെങ്ങണ്ട സ്വദേശി ഓട്ടോഡ്രൈവര്‍ മനോജിന്റെ ആത്മഹത്യയിലും ദുരൂഹതയുണ്ട്. സെബാസ്റ്റ്യന്റെ എല്ലാ ചെയ്തികളും അറിയാമായിരുന്ന മനോജിനെ ഇയാള്‍ വകവരുത്തിയതാണെന്നാണ് സംശയം.
ബിന്ദു പദ്മനാഭനെക്കുറിച്ച് സെബാസ്റ്റ്യന്‍
പറഞ്ഞിട്ടുണ്ടെന്നു ഭാര്യ
ആലപ്പുഴ: ചേര്‍ത്തല തിരോധാന കേസില്‍ ബിന്ദു പദ്മനാഭനെക്കുറിച്ച് സെബാസ്റ്റ്യന്‍ പറഞ്ഞിട്ടുണ്ടെന്നു സെബാസ്റ്റ്യന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍. കേസില്‍ ആദ്യം കാണാതായ ബിന്ദു പദ്മനാഭന്റെ പേര് അറിയാമെന്ന് സെബാസ്റ്റ്യന്റെ ഭാര്യ മാധ്യമങ്ങളോടു പറഞ്ഞു.
ബിന്ദുവിന്റെ ഒഴികെയുള്ള പേരുകള്‍ സെബാസ്റ്റ്യന്‍ പറഞ്ഞുകേട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. ബിന്ദുവിന്റെ പേര് എറണാകുളത്തെ സ്ഥലവുമായി ബന്ധപ്പെട്ട് കേട്ടതാണ്. ഈ സ്ത്രീകള്‍ ആരുമായും സാമ്പത്തിക ഇടപാടുകള്‍ ഉള്ളതായി പറഞ്ഞിട്ടില്ല. സെബാസ്റ്റ്യന്റെ ഭാഗത്തുനിന്ന് ഇതുവരെ മോശം പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും ഭാര്യ പറഞ്ഞു.
2008ലായിരുന്നു സെബാസ്റ്റ്യനുമായുള്ള വിവാഹം. 17 വര്‍ഷം ഒരുമിച്ച് ജീവിച്ചു. തന്നോടും കുഞ്ഞിനോടും എല്ലാവരോടും വളരെ സ്നേഹമുള്ള വ്യക്തിയായിരുന്നുവെന്നും കൂള്‍ ആയിട്ടാണ് എപ്പോഴും നടക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇത്തരമൊരു കാര്യം ചെയ്യുമെന്ന് തോന്നിയിട്ടില്ലെന്നും ഭാര്യ പറഞ്ഞു. സെബാസ്റ്റ്യന്‍ സാധു ആണെന്നാണ് തനിക്ക് തോന്നുന്നത്. തന്നോട് അങ്ങനെയായിരുന്നു ഇത്രയും കാലം. പിന്നീടുള്ള കാര്യങ്ങളൊന്നും അറിയില്ലന്നും അവര്‍ വ്യക്തമാക്കി.
സെബാസ്റ്റ്യന്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇതുവരെ മോശം പെരുമാറ്റം ഉണ്ടായിട്ടില്ല. കുടുംബത്തിനകത്തും പുറത്തും സൗമ്യന്‍. ആരോടും മറ്റ് പ്രശ്നങ്ങള്‍ ഉള്ളതായി പറഞ്ഞിട്ടില്ല. സെബാസ്റ്റ്യനെക്കുറിച്ച് കേള്‍ക്കുന്ന വിവരങ്ങള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല. സെബാസ്റ്റ്യന്‍ ആരോഗ്യ പ്രശ്നങ്ങളുണ്ട്. പ്രമേഹ രോഗിയാണ്. കാലിനും പ്രശ്നങ്ങളുണ്ട്. അങ്ങനെയുള്ള ഒരാള്‍ ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നും അവര്‍ പറഞ്ഞു.