സ്ത്രീകളുടെ ദുരൂഹ തിരോധാനം: വീട്ടുവളപ്പിൽ റഡാർ പരിശോധന
1581873
Wednesday, August 6, 2025 11:51 PM IST
ചേർത്തല: ദുരൂഹ സാഹചര്യത്തിൽ സ്ത്രീകളെ കാണാതായ കേസിൽ പ്രതി സെബാസ്റ്റ്യന്റെയും അടുപ്പക്കാരിയായിരുന്ന റോസമ്മയുടെയും വീട്ടുവളപ്പിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി.
മണിക്കൂറുകൾ നീണ്ട പരിശോധനയിൽ സെബാസ്റ്റ്യന്റെ വീട്ടിലെ അടുപ്പിൽനിന്നു ജയ്നമ്മയുടേതെന്നു സംശയിക്കുന്ന വാച്ചിന്റെ ഭാഗങ്ങൾ കത്തിച്ച നിലയിൽ കണ്ടെത്തി. റോസമ്മയുടെ വീട്ടില്‍ കോഴിവളർത്താനായി കെട്ടിയ ഷെഡിൽ റഡാറിൽ സിഗ്നൽ കിട്ടിയ ഭാഗങ്ങൾ പോലീസ് രേഖപ്പെടുത്തി നിയന്ത്രണത്തിലാക്കി. അടുത്ത ദിവസം ഇവിടെ പൊളിച്ചു പരിശോധിക്കും.
ഏഴു മീറ്റർ
ആഴത്തിൽ
നാലു സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പള്ളിപ്പുറം ചെങ്ങത്തറ സി.എം. സെബാസ്റ്റ്യന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം ആധുനിക റഡാര്‍ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്.
ഭൂമിയുടെ ഉപരിതലം സിഗ്നലുകള്‍ ഉപയോഗിച്ചു ചിത്രീകരിക്കുന്ന ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാര്‍ (ജിപിആര്‍) സംവിധാനമാണ് ഇതിനായി സ്ഥലത്തെത്തിച്ചത്.
ഭൂമിയുടെ അടിയിലേക്ക് ഏഴുമീറ്റര്‍ ആഴം വരെയുള്ള വസ്തുക്കളുടെ വ്യക്തമായ സൂചന ലഭിക്കുമെന്നതാണ് ഈ ഉപകരണത്തിന്റെ പ്രത്യകത.
ശനിയാഴ്ച സെബാസ്റ്റ്യനുമായി ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. വീടിനകത്തുണ്ടായിരുന്ന ഗ്രാനൈറ്റ് പാകിയ മുറിയുടെ തറ പൊളിച്ചു പരിശോധിച്ചു. തുടര്‍ന്നു സമീപമുള്ള കുളവും തോടുകളും അഗ്നിശമനസേനയുടെ മോട്ടോര്‍ ഉപയോഗിച്ചു വെള്ളം വറ്റിച്ചു പരിശോധന നടത്തിയപ്പോള്‍ അസ്ഥിക്കഷണങ്ങളും ലേഡീസ് ബാഗും തുണിക്കഷണങ്ങളും കണ്ടെത്തിയിരുന്നു.
പുരയിടത്തില്‍ എവിടെയാണ് കാണാതായവരുടെ ശരീരം മറവുചെയ്തിരിക്കുന്നതെന്നറിയാനാണ് ആധുനിക റഡാര്‍ സംവിധാനം എത്തിച്ചത്.
12 സ്ഥലങ്ങൾ സംശയാസ്പദം
ചേർത്തല: സ്ത്രീകളുടെ തിരോധനവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ ആരംഭിച്ച റഡാര്‍ പരിശോധനയിൽ പ്രതി സെബാസ്റ്റ്യന്റെ പുരയിടത്തിൽ സംശയാസ്പദ സിഗ്നൽ ലഭിച്ച 12 സ്ഥലങ്ങൾ മാർക്ക് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തുനിന്നു ഭൗമശാസ്ത്ര ഉദ്യോഗസ്ഥരാണ് റഡാറുമായി കാടുകയറി പുരയിടത്തിൽ പരിശോധനയ്ക്ക് എത്തിയത്.
ഈ മാര്‍ക്ക് ചെയ്ത ഭാഗത്താണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കുഴിച്ചു തുടങ്ങിയിട്ടുണ്ട്. അടയാളപ്പെടുത്തിയ സ്പോട്ടില്‍ തറനിരപ്പില്‍നിന്നു രണ്ടര മീറ്ററോളം കുഴിയെടുത്ത് മണ്ണ് പരിശോധിച്ചു. മാര്‍ക്കുചെയ്ത ഭാഗത്തെ രണ്ടു തെങ്ങ് പിഴുതു മാറ്റിയ ശേഷം പരിശോധിച്ചു. ഇവിടെനിന്നു സംശയാസ്പദമായ ചില വസ്തുക്കള്‍ ഫോറന്‍സിക് വിദഗ്ധര്‍ എടുത്തെങ്കിലും മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പരിശോധന വൈകുന്നേരം വരെ നീണ്ടു. കോട്ടയം ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘത്തിന്റെ നേതൃത്വത്തിലാണ് ഇന്നലെ സെബാസ്റ്റ്യന്റെ വീട്ടില്‍ പരിശോധന നടത്തിയത്.
ചേർത്തല സ്വദേശിനികളായ കടക്കരപ്പള്ളി പത്മവിലാസത്തിൽ ബിന്ദു പത്മനാഭൻ, വാരനാട് ശാസ്താംകവല വെളിയിൽ വീട്ടിൽ ഐഷ, ഏറ്റുമാനൂർ സ്വദേശിനി ജെയനമ്മ, ചേര്‍ത്തല തെക്ക് പഞ്ചായത്ത് വള്ളാകുന്നത്ത് വെളി വീട്ടില്‍ സിന്ധു എന്നിവരെ കാണാതായ സംഭവത്തിലാണ് അന്വേഷണം നടക്കുന്നത്. ഏറ്റുമാനൂർ സ്വദേശിനി ജെയനമ്മയെ കാണാതായ സംഭവത്തിലാണ് സെബാസ്റ്റ്യനെ പ്രതിചേര്‍ത്ത് അന്വേഷിക്കുന്നത്.
സെബാസ്റ്റ്യന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ നേരത്തെ പരിശോധനയിൽ മൃതദേഹ അവശിഷ്ടങ്ങൾ ലഭിച്ചതോടെ കാണാതായ നാലുപേരുടെയും അടുത്ത ബന്ധുക്കള്‍ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാമ്പിളുകള്‍ നല്‍കിയിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ പരിശോധനാഫലം ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്.